Saturday, October 18, 2008

മഴയച്ഛന്‍

മഴ ഇടമുറിയാതെ പെയ്യുന്ന ഒരിടവപ്പാതി വൈകുന്നേരത്താണ്‌ അച്ഛനെ കൊണ്ടുവന്നത്‌. പഴയ അംബാസ്സിഡര്‍ കാറിണ്റ്റെ പിന്‍സീറ്റില്‍ കിടത്തിയിരുന്ന അച്ഛണ്റ്റെ കണങ്കാലുകള്‍ വെളിയിലേക്ക്‌ നീണ്ടുനിന്നു. തോരാതെ പെയ്യുന്ന മഴയിലൂടെ ഞാനോടി വന്നു. ഏതാണ്ട്‌ എണ്റ്റെ മുഖത്തിനൊപ്പം ഉയരത്തിലായിരുന്നു അച്ഛണ്റ്റെ കാലുകള്‍. പുറത്തേക്ക്‌ നീണ്ടുനിന്ന കാല്‍പാദങ്ങളില്‍ ഞാന്‍ മുഖം അമറ്‍ത്തി. അച്ഛണ്റ്റെ കാലുകള്‍ മഴ നിരന്തരം കഴുകികൊണ്ടിരുന്നു. തണുത്ത കാല്‍പാദങ്ങളിലേക്ക്‌ അമറ്‍ന്ന എണ്റ്റെ മുഖത്തുകൂടി കണ്ണുനീരിണ്റ്റെ ഉപ്പും മഴത്തുള്ളികളും ചേറ്‍ന്നൊഴുകി.
ഞാന്‍ സ്കൂള്‍ വിട്ട്‌ വന്നതേ ഉണ്ടായിരുന്നുള്ളു. നിക്കറ്‍ മാറ്റി, തിണ്ണയുടെ അതിരിലൂടെ ചാലുവെച്ചൊഴുകുന്ന മഴയില്‍ കാല്‍ തട്ടി കളിക്കാന്‍ തുടങ്ങുകയായിരുന്നു. വീടുവരെ കാറ്‌ വരില്ല. ചെറിയ പാടത്തിനും തൊടിക്കും അപ്പുറം ഇടവഴി വരെയേ എത്തു.
അച്ഛണ്റ്റെ കാല്‍പാദങ്ങളില്‍ നിന്നും മുഖം ഉയറ്‍ത്തിയ ഞാന്‍ തിരിഞ്ഞ്‌ വീട്ടിലേക്ക്‌ ഓടി. മഴ ആറ്‍ത്തു പെയ്ത്‌ എണ്റ്റെ ഒപ്പം കൂടി. മുത്തശ്ശി തിണ്ണയില്‍ വിളക്കുവെക്കാനുള്ള ഒരുക്കത്തിലായിരുന്നു. "ഹെണ്റ്റെ മോനേ ..." ഹ്റുദയം പിളരുന്ന ഒരു നിലവിളിയോടു കൂടി മുത്തശ്ശി നിലത്തു വീണു.
കനത്ത മഴ ഇരുള്‍ വീഴ്ത്തിയ ആകാശത്ത്‌ ശക്തിയായി ഇടി വെട്ടി. സ്കൂള്‍ ടീച്ചറായ അമ്മ ഇനിയും മടങ്ങിയെത്തിയിട്ടില്ല. ഞാന്‍ മഴയിലൂടെ തിരിച്ചോടി. വൈകുണ്ഠപുരം അമ്പലവും കടന്ന് റോഡിലെത്തി. ജയന്തി ബെസ്സില്‍ അമ്മയുണ്ടാവുമോ?
അനിയത്തിയേയും അടക്കിപിടിച്ച്‌ മഴയിലൂടെ അമ്മയതാ വരുന്നു. ഞാനെന്തു പറയും അമ്മയോട്‌ ? ഞാന്‍ തിരിഞ്ഞോടി. തകറ്‍ത്തു പെയ്യുന്ന മഴ എന്നെ വാരി പുണറ്‍ന്നു. മഴയുടെ കൈകള്‍ എന്നെ തലോടി. മഴ എനിക്ക്‌ കൂട്ടായി. സാന്ത്വനമായി.
അമ്മയുടെ കണ്ണുനീറ്‍ കലറ്‍ന്ന രാത്റിമഴ തൊടിയിലൂടെ ചാലുകളായി ഒഴുകി. നനഞ്ഞു കത്താന്‍ മടിക്കുന്ന ചിതയിലേക്കു നോക്കി രാത്റി കരഞ്ഞു തീറ്‍ത്ത പത്തു വയസ്സുകാരന്‍ എണ്റ്റെ മുന്‍പില്‍ ഇപ്പോഴും നില്‍ക്കുന്നു.
മഴയെന്നും എന്നോടൊപ്പം ഉണ്ടായിരുന്നു. സുഖമായാലും ദുഖമായാലും മഴ എന്നെ പിന്തുടറ്‍ന്നു. മഴ തകറ്‍ത്തു പെയ്യുന്ന രാത്റിയില്‍ മുത്തശ്ശിയുടെ അയഞ്ഞ മാറില്‍ തലപൂഴ്ത്തി കിടക്കും. മേഘപാളികള്‍ക്ക്‌ അപ്പുറത്തെ ദേവലോകത്തില്‍ ദേവേന്ദ്രന്‍ കോപിഷ്ടനായിരിക്കുന്നു. ഐരാവതം വെള്ളിടി വെട്ടി ഉറക്കെ അലറുന്നുണ്ട്‌.
പെയ്തു തോറ്‍ന്ന മഴയിലൂടെ രാവിലെ തൊടിയിലേക്ക്‌ ഓടും. ശറ്‍ക്കരമാവും മൂവാണ്ടനും തൊടിയിലെല്ലാം വിതറിയിട്ടുണ്ടാവും മാമ്പഴങ്ങള്‍. നനഞ്ഞ ചൊറിയണം കാലില്‍ തട്ടുന്നതാണ്‌ സഹിക്കാന്‍ വയ്യാത്തത്‌. ചൊറിഞ്ഞ്‌ വശം കെടും.ചുവന്ന് തടിച്ച്‌.
അമ്പലക്കുളം മെത്തിയിട്ടുണ്ടാകും. മുകളിലെ ഒന്നോ രണ്ടോ പടവുകള്‍ മാത്റമേ കാണാന്‍ കഴിയൂ. വെള്ളം നിറഞ്ഞ്‌ ഗാംഭീര്യത്തോടെ അങ്ങിനെ കിടക്കും. ചാഞ്ഞു നില്‍ക്കുന്ന പൂവരശ്ശിണ്റ്റെ മുകളില്‍ നിന്ന് വെള്ളത്തിലേക്ക്‌ ചാടും. മുങ്ങാം കുഴിയിടും. അക്കരെക്ക്‌ വാശിവെച്ച്‌ നീന്തും. വെള്ളത്തില്‍ തൊടുന്നതിനു മുന്‍പ്‌ എത്റ കരണം മറിയും എന്ന പന്തയവുമുണ്ട്‌.
സ്കൂളിലേക്കുള്ള വഴി പാടവും, ഇടവഴിയും റോഡും കലറ്‍ന്നതാണ്‌. പാടം കടക്കുന്നതോടെ കുട മടക്കി പിടിക്കും. പുസ്തകക്കെട്ട്‌ ഷറ്‍ട്ടിനകത്താക്കി നിക്കറിനുള്ളിലേക്ക്‌ തിരുകി വെയ്ക്കും. കൈകള്‍ അതോടെ സ്വതന്ത്റമായി. മടക്കി പിടിച്ച കുട സ്കൂട്ടറിണ്റ്റെ ഹാന്‍ഡിലായി. ബ്ബ്റൂം ...ബ്ബ്റൂം ...പീ...പീ...വെള്ളക്കെട്ടുകളിലൂടെ സ്കൂട്ടറ്‍ പായുകയായി.
ഉത്റാടരാത്റിയില്‍ മഴ പതിവായിരുന്നു. രാത്റിയാണ്‌ തിരുവോണത്തിണ്റ്റെ വലിയ പൂക്കളമിടുന്നത്‌. മുറ്റത്ത്‌ വലിയ വട്ടത്തില്‍ മണ്‍ തടമുണ്ടാക്കും. നടുക്ക്‌ വാഴ വെട്ടി നീണ്ട തണ്ട്‌ കുത്തിനിറുത്തും. ആമ്പല്‍ പൂവുകള്‍ അതിലാണ്‌` കുത്തി നിറുത്തുന്നത്‌. അച്ഛനാണ്‌ പൂക്കളത്തിണ്റ്റെ ഡിസൈന്‍. രാത്റി വളരെ വൈകും പൂക്കളമിട്ടു തീറ്‍ക്കാന്‍. എല്ലാം ഭംഗിയാക്കി കിടക്കാന്‍ തുടങ്ങുമ്പോഴാവും മഴയുടെ വരവ്‌. 'വിജയ്‌ ' വളങ്ങളുടെ പ്ളാസ്റ്റിക്‌ ചാക്കുണ്ട്‌. അച്ഛന്‍ അതെടുത്ത്‌ പൂക്കളം മൂടും. ചെറിയ മഴയെ ഉണ്ടാവൂ. മഴ ഞങ്ങളുടെ പൂക്കളം മായ്ച്ചിട്ടില്ല. ഒരിക്കലും.
ജോലിയുടെ ഇണ്റ്ററ്‍വ്യൂവിനായി പുറപ്പെടുമ്പോള്‍ അമ്മപറഞ്ഞു " അച്ഛനെ മനസ്സില്‍ ധ്യാനിച്ച്‌ ..." . പുറത്തേക്കിറങ്ങിയതും മഴ. ഒരനുഗ്രഹം പോലെ.
വിവാഹം ഒരു ജൂണ്‍ ആദ്യം ആയിരുന്നു. മഴ വല്ലാതെ താമസിച്ച ഒരു വറ്‍ഷം. വല്ലാത്ത ചൂട്‌. വീട്ടില്‍ നിന്നും പുറപ്പെടുമ്പോഴേക്കും കസവു കുപ്പായം വിയറ്‍പ്പില്‍ കുതിറ്‍ന്നു. അമ്പലത്തിലെത്തി, കാറില്‍ നിന്ന് പുറത്തേക്ക്‌ കാലെടുത്തുവെച്ചതും മഴ ! പെയ്യാന്‍ വീറ്‍പ്പുമുട്ടിനിന്ന മഴ ഒരുമിച്ച്‌ പെയ്തിറങ്ങിയതു പോലെ. മഴ നന്നായി നനഞ്ഞു, മഴയുടെ കൈകള്‍ അനുഗ്രഹമായി പൊതിയുന്നതറിഞ്ഞു. മുഖം അല്‍പം മുന്‍പോൊട്ടു നീട്ടി അച്ഛണ്റ്റെ തണുത്ത പാദങ്ങളില്‍ മുഖം അമറ്‍ത്തി. മഴയില്‍ വാറ്‍ന്നിറങ്ങുന്ന കണ്ണുനീറ്‍ ആരും അറിഞ്ഞിട്ടുണ്ടാവില്ല.
പ്റവാസം പ്രവാസികള്‍ക്കെല്ലാം പോലെ പ്റയാസം നിറഞ്ഞതുതന്നെ. വറുതി ചൂടില്‍ കാതോറ്‍ത്തിരിക്കും - ഒരു മഴയെങ്ങാന്‍ വരുന്നുണ്ടാവുമോ ?
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമറ്‍ദം വരുമ്പോള്‍ കാലം തെറ്റി വരുന്ന മഴ. അപ്പാറ്‍ട്ടുമെണ്റ്റിണ്റ്റെ ചെറിയ ബാല്‍ക്കണിയില്‍ നിന്ന് മഴയിലേക്ക്‌ ഞാന്‍ മുഖം നീട്ടും. പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ മുഖത്തുപതിക്കുമ്പോള്‍ ഞാന്‍ അറിയും. അച്ഛന്‍ !.

Tuesday, September 23, 2008

ചക്കപ്പഴം തിന്ന സായിപ്പ്‌

ചക്കപ്പഴം തിന്ന സായിപ്പ്‌

തണല്‍ മരങ്ങള്‍ ഇരുവശവും തലയാട്ടി നിന്ന കൂറ്റന്‍ വഴിയിലൂടെ ബന്‍സുകാറ്‍ ഒഴുകി എത്തി. ഉജാലയുടെ പരസ്യം പോലെ വെളുത്ത വേഷം ധരിച്ച ഡ്രൈവറ്‍ ചാടിയിറങ്ങി പിന്‍ വാതില്‍ തുറന്നു.സായിപ്പ്‌ ! ഞങ്ങള്‍ ഐ. ടി കാരുടെ കണ്‍കണ്ട ദൈവം !വെള്ളി വെളിച്ചം പോലെ സായിപ്പ്‌ തണ്റ്റെ പാദം ഞങ്ങളുടെ ഓഫീസ്‌ അങ്കണത്തില്‍ പതിപ്പിച്ച്‌ പ്റത്യക്ഷനായി. എന്തൊരാനന്ദം !
സായിപ്പിനൊന്നു നിവറ്‍ന്നു നില്‍ക്കാന്‍ കഴിയുന്നതിനു മുന്‍പു തന്നെ ഞാന്‍ ഓടിച്ചെന്നു. ചന്ദന ചീളുകള്‍ കൊണ്ട്‌ തീറ്‍ത്ത മാല കഴുത്തില്‍ അണിയിച്ചു. എണ്റ്റെ പുറകെ ഓടിയെത്തിയ ബോസ്സ്‌ മഹലിംഗം കൈയിലുണ്ടായിരുന്ന ബൊക്കെ സായിപ്പിണ്റ്റെ കൈകളില്‍ ബലമായി പിടിപ്പിച്ചു. ബൊക്കെയുടെ അരികിലുണ്ടായിരുന്ന കൂറ്‍ത്ത ഇലകള്‍ കുനിഞ്ഞു നിന്നിരുന്ന സായിപ്പിണ്റ്റെ മുഖത്തെല്ലാം കൊണ്ടു. ചുവന്ന മുഖം ഉയറ്‍ത്തി സായിപ്പ്‌ ഞങ്ങളെ ഒന്നു നോക്കിയതും സിംഹരാജനു മുന്‍പിലെ എലികളെപ്പോലെ ഞാനും മഹാലിംഗവും വിറച്ചു.കിലുക്കം സിനിമയിലെ ജഗതി ശ്റീകുമാറിനെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ സായിപ്പിണ്റ്റെ കൈപിടിച്ച്‌ ബലമായി കുലുക്കി ഒരു കാച്ചു കാച്ചി" വെല്‍ക്കം ടു ഇന്ത്യ ... നൈസ്സ്‌ ടു മീറ്റ്‌ യൂ ... "
ഓഫീസ്സിണ്റ്റെ നീണ്ട വരാന്തയിലൂടെ ഞങ്ങള്‍ സായിപ്പിനെ ആനയിച്ചു. കോട്ടും സൂട്ടുമിട്ട്‌, ചന്ദന ചീളിണ്റ്റെ വലിയ മാലയും കഴുത്തിലിട്ട്‌, ഗദ പോലത്തെ ബൊക്കെയും കൈയില്‍ പിടിച്ച്‌ സായിപ്പ്‌ നിവറ്‍ന്നു നടന്നു . ബാലിയുമായി ഗദാ യുദ്ധത്തിനു പോകുന്ന സുഗ്ഗ്റീവനെ പോലെയുണ്ടായിരുന്നു ആ നടത്തം. ഇടവും വലവും വാനര പട പോലെ ഞാനും മഹാലിംഗവും. മറ്റു ടീമംഗങ്ങള്‍ പുറകെ."ഹൌ വാസ്സ്‌ യുവറ്‍ ഫ്ളൈറ്റ്‌ ?""ഡിഡ്‌ യു ഗെറ്റ്‌ സം സ്ളീപ്പ്‌ ലാസ്റ്റ്‌ നൈറ്റ്‌?""ഹൌ വാസ്സ്‌ ദി ബ്റൈക്ഫാസ്റ്റ്‌?"എന്നെല്ലാമുള്ള, ഏതു സായിപ്പു വന്നാലും ചോദിക്കാറുള്ള സ്തിരം ചോദ്യങ്ങള്‍ ഞങ്ങള്‍ തട്ടി വിട്ടു കൊണ്ടിരുന്നു. സായിപ്പ്‌ ബോംബെ എയറ്‍പ്പോറ്‍ട്ടിനെ കുറിച്ചും, എയര്‍ ഇന്ത്യ വിമാനം വൈകിയതിനെ കുറിച്ചും ചില തെറികള്‍ പറഞ്ഞു. വലിയ തമാശ കേട്ടതുപോലെ ഞങ്ങള്‍ ചിരിച്ചു. പുറകെ നടന്നു വരുന്നവരോട്‌ ചിരിക്കാന്‍ ആഗ്യം കാണിച്ചു. അവരും ചിരിച്ചു."ഡിഡ്‌ യൂ ലൈക്‌ ദി വെദറ്‍ ഹിയറ്‍ ഇന്‍ ഹൈദരാബാദ്‌?"എണ്റ്റെ ചോദ്യം കേട്ടതും സായിപ്പ്‌ ദഹിപ്പിക്കുന്ന പോലെ ഒന്നു നോക്കി. നാല്‍പ്പത്തെട്ടു ഡിഗ്രിയില്‍ ചൂടു കാറ്റ്‌ അടിക്കുന്ന കാലം. ഇതും ഒരു കാലാവസ്തയോ എന്നതായിരുന്നു സായിപ്പിണ്റ്റെ ഭാവം.
സ്കോട്ട്‌ ആപ്പെസെല്ലാ എന്ന സായിപ്പ്‌ ഞങ്ങളുടെ അന്ന ദാദാവാണ്‌. ഏതാണ്ട്‌ അന്‍പതു ദശലക്ഷം അമേരിക്കന്‍ ഡോളറിണ്റ്റെ പ്റോജക്റ്റാണ്‌ സായിപ്പു്‌ തന്നിരിക്കുന്നത്‌. പണി ഇതുവരെ എങ്ങും എത്തിയിട്ടില്ല. മാസാമാസം കാശ്‌ ഞങ്ങള്‍ മേടിക്കുന്നുണ്ട്‌.സായിപ്പ്‌ ഇടക്കിടക്ക്‌ വരും. രണ്ടുമൂന്നു ദിവസം തങ്ങും. റിവ്യൂ മീറ്റിംഗ്‌ എന്നു പറഞ്ഞ്‌ എല്ലാവരെയും വിളിച്ച്‌ തെറി പറയും. അടച്ചിട്ട മുറിയിലായതു കൊണ്ട്‌ ഞങ്ങള്‍ക്ക്‌ വലിയ പ്രശ്നമില്ല. പോകുന്ന ദിവസം സായിപ്പ്‌ ഒരു പാറ്‍ട്ടി തരും. വിസ്കിയും ബ്റാണ്ടിയും കൊണ്ട്‌ പറഞ്ഞ തെറിയുടെ നാറ്റം കഴുകി കളയും. സായിപ്പ്‌ വലിയവനാണ്‌.
സ്കോട്ട്‌ ഹൈദരാബാദില്‍ വരുന്നത്‌ രണ്ടാമത്തെ തവണയാണ്‌. കഴിഞ്ഞ തവണ വന്നപ്പോള്‍ ഞാനായിരുന്നു കൂടെ. അന്ന് ബോസ്സ്‌ മഹാലിംഗമല്ല. മലയാളിയായ രമേശന്‍ നായറ്‍.മീറ്റിംഗുകള്‍ വളരെ ചൂടനായിരുന്നു. സായിപ്പ്‌ വഴങ്ങുന്നില്ല. ഉച്ചയാകാറായപ്പോഴേക്കും രമേശന്‍ നായറ്‍ അതാ ഒരു പരന്ന പാത്റവുമായി പ്രത്യക്ഷപ്പെടുന്നു."ഐ ഹാവ്‌ എ പ്ളസണ്റ്റ്‌ സര്‍പ്രൈസ്സ്‌ ഫോറ്‍ യു... " രമേശന്‍ നായറ്‍ വെളുക്കെ ചിരിച്ചുകൊണ്ട്‌ മൂടി തുറന്നു.അകത്ത്‌ കുരുകളഞ്ഞ നല്ല കൂഴ ചക്കപ്പഴം !ചക്കപ്പഴത്തിണ്റ്റെ മണം എയറ്‍കണ്ടീഷന്‍ ചെയ്ത മുറിയില്‍ നിറഞ്ഞു. തുടറ്‍ന്ന് ചക്കപ്പഴത്തെ പറ്റിയും അതിണ്റ്റെ ആയുറ്‍വേദ ഗുണങ്ങളെ പറ്റിയും രമേശന്‍ നായരുടെ വിവരണം.സായിപ്പ്‌ ഒരു ചൊള തിന്നു. ഒന്നു മടിച്ചു.വളരെ നാള്‍ കൂടി വീട്ടില്‍ വന്ന മകനെ സ്നേെഹനിധിയായ അമ്മ ഊട്ടിക്കുന്നതു പോലെ രമേശന്‍ നായറ്‍ ആ ചക്കപ്പഴം മുഴുവനും സായിപ്പിനെ കൊണ്ട്‌ തീറ്റിച്ചു.അതായിരുന്നു തുടക്കം. അല്‍പനേരം കഴിഞ്ഞില്ല, മീറ്റിംഗിനിടക്ക്‌ സായിപ്പ്‌ എഴുന്നേറ്റു."എക്സ്‌ ക്യൂസ്സ്‌ മീ ... വെയര്‍ ഈസ്സ്‌ ദി റസ്റ്റ്‌ റൂം ... ?"കക്കൂസ്സ്‌ എവിടെ എന്നു കാണിക്കാന്‍ ഞാനും രമേശന്‍ നായരും മത്സരിച്ച്‌ ഓടി. സായിപ്പ്‌ ഒരു കൊടുങ്കാറ്റുപോലെ അകത്തു കയറി വാതിലടച്ചു. വ്റുക്ഷങ്ങള്‍ കടപുഴകുന്ന ശബ്ദം !
സായിപ്പ്‌ മടങ്ങി വന്നു. മീറ്റിംഗ്‌ ആരംഭിച്ചു. അധികനേരം കഴിഞ്ഞില്ല സായിപ്പ്‌ വീണ്ടും പുറത്തേക്ക്‌ ഓടി. വഴി സായിപ്പിന്‌ അറിയാമായിരുന്നു.ഇത്‌ ഒരു എട്ടു പത്തു തവണ ആവറ്‍ത്തിച്ചു. വീണ്ടും സായിപ്പ്‌ ഓടിയപ്പോള്‍ ഓഫീസ്സ്‌ ബോയ്‌ ഓടി എണ്റ്റെ അടുത്തുവന്നു പറഞ്ഞു." സാറേ ടോയലറ്റ്‌ പേപ്പറ്‍ തീറ്‍ന്നു. അവിടെ ഇല്ല ... "ഒന്നും സംഭവിക്കാത്തതു പോലെ സായിപ്പ്‌ തിരിച്ചു വന്നിരുന്നു. സായിപ്പേ ... പേപ്പര്‍ പോലുമില്ലാതെ എങ്ങനെ ...? ഞാന്‍ മനസ്സിലോറ്‍ത്തു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പേപ്പര്‍ പോലും വേണ്ടെന്ന് രണ്ടു മൂന്നു വാട്ടി കൂടി സായിപ്പ്‌ അന്നു തെളിയിച്ചു.വൈകിട്ട്‌ വാടിയ ചേമ്പിന്‍ തണ്ടു പോലെ സായിപ്പിനെ ഞങ്ങള്‍ താങ്ങി കാറിലിരുത്തി. വണ്ടി വിടും മുന്‍പ്‌ രമേെശന്‍ നായരുടെ ഒരു ചോദ്യം." ഹോപ്‌ യൂ എന്‍ ജോയ്ഡ്‌ ദി ഫൂഡ്‌... "തെറി പറയാന്‍ ആഞ്ഞ സായിപ്പ്‌ പെട്ടന്ന് കൈ പുറകില്‍ താങ്ങി. വണ്ടി വേഗം വിടാന്‍ ഡ്റൈവറോട്‌ ആംഗ്യം കാണിച്ചു.
"ഇത്തവണ ഞാന്‍ ആഹാര കാര്യത്തില്‍ വളരെ കെയറ്‍ഫുള്‍ ആണ്‌... " മീറ്റിംഗ്‌ റൂമില്‍ ഇരുന്നപ്പോള്‍ സായിപ്പ്‌ പറഞ്ഞു.വാതിലിനപ്പുറം വരാന്തയിലൂടെ സായിപ്പ്‌ ദീറ്‍ഘമായി ഒന്നു നോക്കി. ദുഖ സ്മരണകള്‍ അയവിറക്കുന്നതു പോലെ.ചന്ദന ചീളിണ്റ്റെ മാല അപ്പോഴും കഴുത്തിലുണ്ട്‌. ഗരുഡന്‍ തൂക്കത്തിന്‌ ഗരുഡന്‍ അണിയുന്ന മാല പോലെ."അതിനി ഊരി വെക്കാം ..." ഞാന്‍ പറഞ്ഞു."ഓഹോ ... ഇനി എപ്പോള്‍ ഇടണമെന്ന് പറഞ്ഞാല്‍ മതി ..." സായിപ്പ്‌ മാല ഊരി അടുത്തു വെച്ചു.പ്റോജക്ട്‌ റിവ്യൂ ആരംഭിച്ചു. പതിവു പോലെ പണിയൊന്നും ആയിട്ടില്ല. തെറിയഭിഷേകം. ഇടക്ക്‌ ഒരു ചാന്‍സു കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു." ലഞ്ചിന്‌ എന്തു വേണമോ ആവോ ... ?""ഡബിള്‍ ചീസ്സ്‌ പിസ്സാ. എരിവില്ലാത്തത്‌. വേറൊന്നും വേണ്ടാ... "സായിപ്പ്‌ എന്നെ ഒന്നിരുത്തി നോക്കി. ഞാന്‍ വല്ല വിഷവും കൊടുക്കുമെന്ന് അയാള്‍ക്ക്‌ സംശയം ഉള്ളതു പോലെ.കേട്ടപാതി കേള്‍ക്കാത്ത പാതി മഹാലിംഗം ചാടി പുറത്തു കടന്നു. " ഞാന്‍ കൊണ്ടുവരാം" .
മീറ്റിംഗ്‌ തുടറ്‍ന്നു. ഉച്ചയാവുന്നു. സായിപ്പിന്ന് വിശന്നു തുടങ്ങി. എവിടെ പിസ്സാ എന്ന ഭാവത്തില്‍ എന്നെ ഒന്നു നോക്കി.മഹാലിംഗം വാതില്‍ തുറന്ന് അകത്തു വന്നു."ഐ ഹാവ്‌ എ പ്ളസണ്റ്റ്‌ സര്‍പ്രൈസ്സ്‌ ഫോറ്‍ യു..."വെളുക്കെ ചിരിച്ച്‌ മഹാലിംഗം പാത്റം തുറന്നു.കുരു കളഞ്ഞ നല്ല കൂഴ ചക്കപ്പഴം !മഞ്ഞ അല്ലികള്‍ കാട്ടി അത്‌ സായിപ്പിനെ നോക്കി ചിരിച്ചു.ടാറ്‍സനെ നേരിടുന്ന ഗോറില്ലയേപ്പോലെ ഇരുകൈകളും നെഞ്ചിലിടിച്ച്‌ സായിപ്പ്‌ എഴുന്നേറ്റു.
വെടികൊണ്ട പന്നിയെ പ്പോലെ വാതില്‍ തുറന്ന് ഞാന്‍ പുറത്തേക്കോടി.
മഹാലിംഗത്തിനെ ദൈവം രക്ഷിക്കട്ടെ...

Sunday, February 17, 2008

അവള്‍ക്കായി ജന്‍മദിനത്തില്‍

പ്രണയം ഇഴ പിരിയാത്ത ഒരു നൂലുപോലെയാണ്. എപ്പോഴോ അത് നമ്മളെ തൊട്ടുവിളിക്കുന്നു. പരസ്പരം കോറ്ത്തിണക്കുന്നു. അടരാതിരുന്നാല്‍ അത് ഉറപ്പുള്ള ജീവരേഖയാകുന്നു. പരസ്പരം ചേറ്ത്തടുപ്പിക്കുന്നു.

അകലാതെ, അടരാതെ പ്രണയം നമ്മെ ജീവിപ്പിക്കുന്ന ജീവരേഖയാകുന്നു. ചുറ്റിപ്പിണയാനും പിണങ്ങിയകലാനും വീണ്ടും ചേറ്ന്നടുക്കാനും കരുത്തേകുന്ന പ്രണയമെന്ന ജീവസാന്ദ്രമായ പട്ടുനൂല്‍

ചെറുപാവാടപ്രായത്തില്‍ അവളെ നോക്കി നിന്നിട്ടുണ്ട്. എന്തായിരുന്നൂ ആ വികാരത്തിന്റെ പേര്‍ ? പ്രണയം ? ആരാധന? അതോ വറും കൌതുകമോ? അറിയില്ല. അദ്രുശ്യമായ ഒരു നൂലിഴ ഞങ്ങള്‍ക്കിടയില്‍ അപ്പോഴും ഉണ്ടായിരുന്നോ?

പോടിമീശ കറുപ്പിച്ച് ഒരു നായകനെപ്പോലെ അവള്‍ക്കു മുന്നില്‍ സൈക്കിള്‍ ചവുട്ടി. താലപ്പൊലി ഏന്തി നിന്നപ്പോള്‍ കരപ്രമാണിയേപ്പോലെ ആളായി.

മഴ മണിമുത്തുകള്‍ വിതറിയ ഒരു പ്രഭാതത്തില്‍ അമ്പലനടയില്‍ കാത്തുനിന്നു. കണ്ണുകളിലേക്കു നോക്കിയതും, പറയാനുറച്ചത് വിറയലില്‍ അമറ്ന്നുപോയി.

മുപ്പത്തിരണ്ടിഞ്ച് ബെല്‍ബോട്ടം പാന്റില്‍ പ്രീഡിഗ്രിയിലേക്ക് നടന്നുകയറിയപ്പോള്‍ അവള്‍ യൌവനത്തിന്റെ അകലത്തായി. പറയണമെന്നുണ്ടായിരുന്നു. പറയാന്‍ കഴിഞ്ഞില്ലൊരിക്കലും.

അച്ഛന്‍ യാത്രപറഞ്ഞപ്പോള്‍ നാടിനോടും യാത്ര് പറഞ്ഞു. പന്നെ കണ്ടില്ല, ഒരുപാടു വറ്ഷം. സ്വപ്നമായി കൊണ്ടുനടന്നിട്ടുണ്ട്. പുഴ കടന്നു വരുന്ന ഇളം കാറ്റില്‍ പിച്ചിപൂവിന്റെ മണം സാന്ത്വനമായി … അവളായി…

എഞ്ചിനീയറിംഗും നാടുചുറ്റലുമായി പിന്നേയും കുറേ വറ്ഷം. അമ്മ ഓറ്മ്മിപ്പിച്ചപ്പോള്‍ അറിഞ്ഞു. മീശകനത്തു. കൈപിടിക്കാനുള്ള കൂട്ടുകാരി…അതിനവളെന്നും അരികിലുണ്ടായിരുന്നല്ലോ.

വറ്ഷങ്ങള്‍ക്കുശേഷം അതേ നാട്ടിലേക്ക്. പോക്കുവെയില്‍ നിഴല്‍ വീഴ്ത്തിയ വരാന്തയില്‍ വെച്ച് അമ്മാവന്മാര്‍ കേള്‍ക്കാതെ പതുക്കെ ചോദിച്ചു – ഇഷ്ടമാണോ എന്നേ …?.

പത്തു വറ്ഷങ്ങളാകുന്നൂ ഞങ്ങള്‍ ഒന്നിച്ചിട്ട്. ഒരു ജന്മം ആയി എന്നു പറയുന്നതല്ലേ ശരി.

ഇന്ന് അവളുടെ ജന്മദിനം. എന്റെ മകളെ എനിക്കു സമ്മാനിച്ച, എന്റെ വിഷാദങ്ങള്‍ക്കും വിനോദങ്ങള്‍ക്കും തുണയായ എന്റെ കൂട്ടുകാരിക്ക് ജന്മദിനാശംസകള്‍.

നങ്ങളും ചേരില്ലേ ഈ ആശംസയില്‍

Friday, February 15, 2008

ബ്ലോഗ്ഗ് മോഷണം.

എന്റെ ബ്ലോഗ്ഗ് ആരോ മോഷ്ടിച്ച് ഇതാ ഇവിടെ പോസ്റ്റിയിരിക്കുനൂ …
http://thatskerala.blogspot.com/2008/02/blog-post_13.html
thatskerala – (അതു താനെടാ കേരളം) എന്നൊരു പേരും …
ബ്ലോഗ്ഗന്‍പോലീസ്സേ …. ബ്ലോഗ്ഗന്‍പോലീസ്സേ …. കള്ളനെപിടിക്കണേ …പ്ലീസ്സ് …

Monday, February 11, 2008

ഒരു ലണ്ടന്‍ രാത്രി

സംഭവ ബഹുലമായ ഒരു ലണ്ടന്‍ രാത്രിയെക്കുറിച്ച് ഞാന്‍ ഓറ്ത്തുപോയി. ബ്ലോഗ്ഗിന്റെ തലേക്കെട്ടു കാണുമ്പോള്‍ത്തന്നെ വായനക്കാര്‍ ആകാഷാഭരിതരാവുന്നതും നഖം കടിച്ചുപറിക്കുന്നതും, തലമുടിയില്‍ അക്ഷമരായി വിരലോടിക്കുന്നതും എനിക്ക് വ്യക്തമായി കാണാം. തികച്ചും ന്യായം. നിങ്ങളെ ഒട്ടും നിരാശരാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സംഭവ ബഹുലമായ ഒരു രാത്രി തന്നെയായിരുന്നൂ അത്.
വറ്ഷങ്ങള്‍ക്ക് മുന്‍പാണ്. രണ്ടായിരാമാണ്ടില്‍. Y2K പണിതീറ്ന്ന് ഐ.ടീ തരംഗം ഇന്ത്യയില്‍ പതുക്കെ പതുക്കെ വീശാന്‍ തുടങ്ങിയ കാലം. ബ്രിട്ടീഷ് എയര്‍വേസ്സിന്റെ ഒരു പ്രോജക്ടിനായി ഞാന്‍ ഡെല്‍ഹിയില്‍ നിന്ന് ലണ്ട്നിലേക്ക് വമാനം കയറി. പരിചയക്കാര്‍ ആരും തന്നെ ഇല്ല ലണ്ടനില്‍. ആകെയുള്ളത് ക്രിഷ്ണന്‍ കോലി എന്ന ഒരാളുടെ ഫോണ്‍ നംബരാണ്‍. ആദ്യത്തെ ആഴ്ച്ച ഹോട്ടലില്‍ താമസിക്കാം. അതിനകം ക്രിഷ്ണന്‍ കോലിയെ കണ്ടുപിടിക്കണം. ലണ്ടനില്‍ സ്വന്തമായ പല കെട്ടിടങ്ങളും വാടകക്ക് കൊടുക്കുന്നയാളാണ്‍ ക്രിഷ്ണന്‍ കോലി.തണുത്തു വിറക്കുന്ന ഒരു ഡിസംബറ് രാത്രിയില്‍ ഞാന്‍ ലണ്ടനിലെ ഒരു ബി&ബി (ബ്രെഡ്ഡ് &ബ്രേക്ക് ഫാസ്റ്റ്) ഹോട്ടലിന്റെ കതകില്‍ മുട്ടി. നമ്മള്‍ ഉദ്ദേശിക്കുന്ന സംഭവ ബഹുലമായ രാത്രി ഇതല്ല. അന്നു രാത്രി അധികം സംഭവങ്ങളൊന്നും ഉണ്ടായില്ല.
രാവിലെ ബ്രേക്ക്ഫാസ്റ്റ് ഫ്രീ ! കോണ്‍ഫ്ലേക്സും, പാലും, മുട്ടയും, ഹോട്ട്ഡോഗ്ഗും,ബ്രെഡ്ഡും എല്ലാം ചേറ്ത്ത് ഒരു പിടി പിടിച്ചു. ഡെല്‍ഹിയില്‍ നിന്ന് തലേന്ന് ഉണക്ക റൊട്ടിയും ദാലും കഴിച്ചതില്‍ പിന്നെ വയറു നിറഞ്ഞത് അപ്പോഴാണ്. പ്ലയിനില്‍ കിട്ടിയത് ഒരുകഷ്ണം പച്ചയിറച്ചിയായിരുന്നു.ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ക്രിഷ്ണന്‍ കോലിയെ തപ്പി ഇറങ്ങി.
നാലു നാലരയടി പൊക്കം. അമിതമായി ബിയറ് ചെലുത്തി വയറ് ഉരുണ്ട് ഒരു വലീയ പന്തുപോലെ, കഴുത്തിനു താഴെ നിന്ന് അരവരെ വലീയ ഒരു പന്ത്. അന്‍പതു വയസ്സുപ്രായം. ക്രിഷ്ണന്‍ കോലി വാതോരാതെ സംസാരിക്കും.
ലണ്ടനില്‍ പലസ്ഥലത്തായി നാലഞ്ചു കടകള്‍ – കോറ്ണറ് ഷോപ്പ്. പത്തു പന്ത്രണ്ടു കെട്ടിടങ്ങള്‍ വാടകക്കു കുടുത്തിരിക്കുന്നു. സുഖവരുമാനം, സുഖ ജീവിതം.
“നിനക്ക് തനിയെ താമസിക്കാന്‍ ഒരിടമല്ലേ വേണ്ടത് ? വാ പറ്റിയ സ്ഥലം ഒന്നു കാലിയുണ്ട് “
ക്രിഷ്ണന്‍ കോലി എന്നേയും കൊണ്ട് അയാളുടെ കാറില്‍ യാത്രയായി.
ലണ്ടനില്‍ ഒരു ഭാഗത്ത് – (ഏതു ഭാഗത്തായാലെന്താ അടുത്ത് ട്രെയിന്‍ സ്റ്റേഷന്‍ ഉണ്ടായാല്‍ മതി) ഒരു കെട്ടിടത്തിനു മുന്‍പില്‍ ക്രിഷ്ണന്‍ കോലിയുടെ വണ്ടി നിന്നു. നല്ല ഭംഗിയുള്ള കെട്ടിടം. പുറത്ത് നല്ല പുല്പരപ്പ്. ഞാനും കോലിയും വീടിനു നേറ്ക്കു നടന്നു. നിന്നെ ഇപ്പം ഇടിച്ചിടും എന്ന മാതിരി ഒരു മദാമ്മ എതിരെ നറ്റന്നു വന്നു.
“ഹായ് ക്രിസ്സ്” എന്നു പറഞ്ഞു ചിരിച്ചു.
“പേരു മാറ്റിയോ ?” ഞാന്‍ കോലിയോട് ചോദിച്ചു.
“ഇവിടുത്തുകാറ്ക്ക് ക്രിഷ്ണന്‍ എന്നൊന്നും പറയാന്‍ അറിയില്ല. അവറ്ക്ക് ക്രിസ്സേ അറിയു.”
നാലു മുറികളുള്ള വീട്. നടുക്ക് വിശാലമായ ഹാള്‍. പതു പതുത്ത കാറ്പ്പെറ്റ്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരു മുറിയില്‍ രണ്ടുപേറ് വീതം താമസം. കോലി ഒഴിഞ്ഞ കട്ടില്‍ കാണിച്ചു തന്നു.
പെട്ടിയെല്ലാം എടുത്ത് ഇന്നു തന്നെ പോരെ. 700 പൌണ്ട് വാടക്. ഒരു മാസത്തെ വാടക അഡ്വാന്‍സായി തരണം. ബ്രോക്കര്‍ ഫീസ്സ് കൊടുക്കാതേയും എഗ്രിമെന്റ് ഒപ്പിടാതേയും താമസിക്കാന്‍ സ്ഥലം കിട്ടിയതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു.
“ബാക്കിയെല്ലാം സ്റ്റൂഡന്‍സ്സാ … ഇവിടുത്ത യൂണിവേറ്സിറ്റികളില്‍ പഠിക്കുന്ന … നിന്റെ മുറിയില്‍ ഒരു കെനിയാക്കാരനാ … പാവം … “
“പാവങ്ങള്‍ …“ ഞാനും ഓറ്ത്തു.
പെട്ടി പടുക്കയെല്ലാം എടുത്ത് ഞാന്‍ കോലി മന്ദിരത്തില്‍ താമസമാക്കി. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. രാത്രിയായി. ആരും വരുന്നില്ല. ഞാന്‍ തനിച്ച് കുത്തിയിരുന്നു. പതിരയായി. ആരും വരുന്നില്ല. ചെറിയ അനക്കം പോലുമില്ല, പഠിക്കുന്ന കുട്ടികളല്ലേ സ്പെഷ്യല്‍ ക്ക്ലാസ്സ് വല്ലതും കാണും. ഞാന്‍ തലവഴി പുതപ്പിട്ട് കിടന്നുറങ്ങി.
“ഠപ്പോ …” വെടിപൊട്ടിയപോലെ ഒരു ശബ്ദം കേട്ട് ഞാന്‍ തട്ടിപ്പിടഞ്ഞെഴുന്നേറ്റു. ഹാളില്‍ നല്ല വെളിച്ച്വും ആള്‍ ബഹളവും.
ഞാന്‍ ഓടി ഹാളിലെത്തി. അഞ്ചാറു യുവസായിപ്പാന്മാറ്. മദമ്മമാരും. ഉറക്കെ ഉറക്കെ സംസാരം. പൊട്ടിച്ചിരി.
“ഹേയ്യ് …ഹൂ ആറ് യൂ …? “
ഒരുത്തന്‍ അലറി. ആജാന ബാഹു. തലമുടി പൂവങ്കോഴിയുടെ വാലുപോലെ നടുക്കുമാത്രം വളറ്ത്തി ബാക്കി തല ഷേവുചെയ്തിരിക്കുന്നു. സപ്തവറ്ണ്ണങ്ങളും തലമുടിക്ക്. കാക്കാലന്മാരെപോലെ കൈകളിലും നെഞ്ചത്തും പച്ച കുത്തിയിരിക്കുന്നു.
“ഞാനിവിടെ പുതിയ താമസക്കാരനാണ്” ഞാന്‍ പറഞ്ഞു.
“യൂ വാണ്‍ ടു ജോയിന്‍ ഔവറ് പാറ്ട്ടി …? കമോണ്‍ …ഡ്രിങ്ക് ..”
വേറെ ഒരുത്തന്‍ ഒരുകുപ്പി എടുത്തു നീട്ടി.
“വേണ്ട…” ഞാന്‍ പറഞ്ഞൊഴിഞ്ഞു
വലീയ ഒരു പെട്ടിപൊക്കി കൊണ്ടുവന്നു ഒരുത്തന്‍. ഫുള്‍ വോളിയത്തില്‍ അലറിയുള്ള് പാട്ട്. തുടറ്ന്ന് ന്രുത്തം. കുപ്പികള്‍ തട്ടുന്ന ശബ്ദം. കുടി.
ഞാന്‍ പതുക്കെ പിന് വാങ്ങി മുറിയുടെ വാതിലിനു മറഞ്ഞു നിന്നു. എട്ടുപത്തു പേരുണ്ട്. യുവാക്കളും യുവതികളും. പെണ്ണുങ്ങളെല്ലാം അല്പ വസ്ത്രധാരികള്‍. കുടിച്ചു മറിയുന്നു. ന്രുത്തം ചവിട്ടുന്നു. ചെവിടടപ്പിക്കുന്ന പാട്ട്. കുടി. പുക.
ദം മാരെ …ദം … എന്ന പാട്ട് ഓറ്മ്മ വന്നു.
ഒരു മദാമ്മയുമായി കെട്ടിമറിഞ്ഞ് ഒരുത്തന്‍ എനിക്കരികിലുള്ള സോഫായിലേക്ക് വീണു. ഉയറ്ന്നുപൊങ്ങുന്ന പുക ആകെ മൂടലുണ്ടാക്കി.
തലവഴി പുതപ്പിട്ട് ഞാന്‍ കിടന്നു. അലറലും വിളിയും തുടറ്ന്നു കൊണ്ടിരുന്നു. കോലി എന്നെ കൊണ്ടാക്കിയ സ്ഥലം കൊള്ളാം. ദ്രോഹി …
ഒച്ച അതിന്റെ പാരമ്യത്തിലെത്തി. പെട്ടന്ന് ആരൊ ത്ട്ടിപ്പിടഞ്ഞ് വീഴുമ്പോലെ. പാട്ടുനിന്നു. ആരോ അലറുന്ന ശബ്ദം. ആരൊ വാതില്‍ തുറന്ന് ഓടുന്നു.
എനിക്കു പേടിയായി. ഞാന്‍ പതുക്കെ പുറത്തേക്കു വന്നു നോക്കി. ഹാള്‍ ഏതാണ്ട് ഒഴിഞ്ഞിരിക്കുന്നു. ഒരു യുദ്ധക്കളം പോലെ കുപ്പികളും തീറ്റ സാധനങ്ങളും വാരി എറിഞ്ഞിരിക്കുന്നു. നിലത്തുവീണുകിടക്കുന്ന ഒരു മദാമ്മയെ രണ്ടുമൂന്നുപേറ് എടുത്തു പൊക്കി കൊണ്ടുപോകുന്നു. പുറത്ത് ഒരു കാറ് സ്റ്റാറ്ട്ടാക്കി പോകുന്ന ശബ്ദം.
രാത്രി രണ്ടുമണിയായിരിക്കുന്നു. ഞാന്‍ വന്നു പുതച്ചു മൂടി കിടന്നു. ഇനിയെങ്കിലും ഒന്ന് ഉറങ്ങാമല്ലോ.
അല്പനേരം കഴിഞ്ഞില്ല. അതാ ആരോ മുറിക്കകത്തു വന്ന് ലൈറ്റിട്ടു. നീണ്ടു കറുത്തു വള്ളി പോലെ ഒരു നീഗ്രോ. എന്റെ റൂം മേറ്റ് - പാവം കെനിയാക്കാരന്‍.
ഞാന്‍ തലപൊക്കി ചിരിക്കാന്‍ ശ്രമിച്ചു. അവന്‍ എന്നെ കണ്ടഭാവമേ വെച്ചില്ല. അവെന്റെ കട്ടിലില്‍ ഇരുന്നു. ഞാന്‍ തിരിഞ്ഞു കിടന്നു. ലൈറ്റണക്കാന്‍ ഭാവമില്ല. ഞാന്‍ തിരിഞ്ഞു നോക്കി.
പാവം കെനിയാക്കാരനുണ്ട് ചില സുരേഷ്ഗോപി ചിത്രങ്ങളിലെ വില്ലന്മാരുടെ കൂട്ട് ഒരു വലീയ സിറിഞ്ചെടുത്ത് കൈയ്യില്‍ കുത്തിക്കേറ്റുന്നു! രത്രി മൂന്നുമണിക്ക് ഇവന്‍ എന്തു മരുന്നാണോ ഈശ്വരാ കുത്തിവെക്കുന്നത്? നോക്കിനില്‍ക്കെ അവന്റെ മുഖം വലിഞ്ഞു മുറുകി. കണ്ണുകള്‍ ചോര നിറമായി പുറത്തേക്കു തള്ളി. എന്റമ്മേ ഇവനു വല്ല പ്രേത ബാധയുമാണോ? ഞാന്‍ പേടിച്ചു വിറച്ചു.
പെട്ടന്ന് അവന്‍ ചാടി എഴുന്നേറ്റു. സ്പ്രിംഗുപോലത്തെ മുടി വിറപ്പിച്ചു. വാതിലിന്റെ മറവില്‍ നിന്ന് ഏതാണ്ട് ആറടി നീളമുള്ള ഒരു ഗിത്താറ് പുറത്തെടുത്തു.
ടങ്ങ്…ടങ്ങ്…ടങ്ങ്…അതിന്റെ കമ്പികളില്‍ ആഞ്ഞടിച്ച് അവന്‍ അലറി പാടാന്‍ തുടങ്ങി.
ദൈവമേ ഇതേതു പ്രേതലോകം! ഇതാണോ ലണ്ടന്‍ ?
"കമോണ്‍ മേന്‍ ഡാന്‍സ്സ് …"
അവന്‍ അലറി. ഈ സമയത്തായിരിക്കും അവന്റെ കൂട്ടരെല്ലാം കാട്ടില്‍ ഡാന്‍സ്സു ചെയ്യുന്നത്.
ഗദപോലത്തെ ഗിത്താറുകൊണ്ട് അവനെന്റെ തലക്കെങ്ങാനും താങ്ങിയാലോന്നു പേടിച്ച് ഞാനും എണീറ്റു. തീക്കുചുറ്റും ആദിവാസികള്‍ ന്രുത്തം ചവിട്ടുന്നത് ചില സിനിമകളില്‍ കണ്ട പരിചയമുണ്ട്. അതുപോലെ ഞാന്‍ ചുവടുവെച്ചു.
-ഹും …ഹാ …ഹും ..
-ഹും …ഹ …ഹും…
അവനത് നന്നായി ബോധിച്ചു. ഗിത്താറില്‍ ഉറക്കെ ഏതോ പ്രാക്ക്രുത താളങ്ങള്‍ വായിച്ചു. ഇടക്കിടക്ക് സിറിഞ്ച് കൈയ്യില്‍ കുത്തികയറ്റി.
നേരം വെളുത്തതും ഞാനോടി കോലിയുടെ വീട്ടിലെത്തി. എനിക്കിതു ശരിയാവില്ലാ …
"നിനക്കു പറ്റിയൊരിടമുണ്ട്. " കോലി എന്നെയും കൊണ്ട് യാത്രയായി.
നീണ്ടു വിശലമായ ഹാളോടു കൂടിയ ഒരു കെട്ടിടം. ഹാളിന്റെ മൂലക്കായി ഒരുമുറി.
"ഇത് ഇവിടുത്തെ ഹിന്ദു ക്ഷേത്രമാണ്ണ്" കോലി പറഞ്ഞു.
"ഈ മുറിയിലാണ്ണ് ഇവിടുത്തെ പൂജാരി താമസിക്കുന്നത്. നിനക്കും ഇവിടെ താമസിക്കാം. പൂജാരിയുടെ കൂടെ. ഒരു ശല്യവുമുണ്ടാവില്ല"
ഞാനകത്തേക്കു നോക്കി. മൂലക്കായി കെട്ടിയിരിക്കുന്ന അഴയില്‍ രാമ …രാമ എന്നെഴുതിയ കാവി തുണികള്‍ വിരിച്ചിരിക്കുന്നു.
"എന്താ നോക്കുന്നത്? " കോലി ചോദിച്ചു.
വാതിലിനു പുറകില്‍ വലിയ ഗിതാറ് വല്ലതും ഒളിപ്പിച്ചിട്ടുണ്ടാവുമോ…രാത്രിയാവുമ്പോള്‍ പുറത്തെടുക്കാന്‍ …!

Monday, February 4, 2008

ഒരാഴ്ച കാട്ടില്‍

കുറേ ദിവസമായി ഈവഴിക്കൊക്കെ വന്നിട്ട്. ബ്ലോഗന്‍ കവലയില്‍ വന്ന് ബ്ലോഗ്ഗന്മാരുമായി അല്പം സൊറ പറഞ്ഞിട്ട് കുറേ ദിവസമായി. ആകെ ഒരു “ സമാധാനക്കൊറവില്ലായ്മയില്ലാത്തതു പോലെ … ഒരസ്വസ്ഥതക്കൊറവ് …” എവിടെയായിരുന്നൂ ഇത്രയും ദിവസം എന്നല്ലേ ? “ ഒന്നും പറയണ്ടാ …” ( എന്നു പറഞ്ഞാല്‍ പിന്നെ ഞാനെന്തു പറയും. അതുകൊണ്ടു പറയാം). മഹാരാഷ്ട്രായിലെ ഒരു കൊടും കാട്ടിലായിരുന്നു ഏഴു ദിവസവും ! പുലി ഇറങ്ങുന്ന കൊടും കാട് !ചുറ്റും പലവിധ പാമ്പുകള്‍! കറന്റില്ല. ഫോണ്‍ കണക്ഷനില്ല. താമസം പ്ലാസ്റ്റിക്ക് ടെന്റില്‍ !


പരസ്പരം നിരന്തരം വഴക്കടിക്കുന്ന ഇരുപതു മാനേജറ് മാരെ ഒരു വഴിക്കാക്കാന്‍ ഇതേ വഴിയുള്ളൂയെന്ന് എന്റെ കമ്പനി തീരുമാനിച്ചു. ഇരുപതു പേരേയും ഒരു കൊടുംകാട്ടില്‍ ഒരാഴ്ചത്തേക്ക് താമസിപ്പിച്ചു. നിയന്ത്രണം പെന്‍ഷന്‍ പറ്റിയ ഒരു നേവി കമാണ്ടറും ഒരു ആറ്മീ കേണലും. Learning By Experience– നീയൊക്കെ അനുഭവിച്ചു തന്നെ പഠിക്കണം – എന്നായിരുന്നു പ്രോഗ്രാമിന്റെ പേര്‍.
മഹാരാഷ്ട്രായിലെ ലോണാവാലാ എന്ന ചെറിയ പട്ടണം. പൂനായില്‍ നിന്ന് ഏതാണ്ട് നൂറു കിലോമീറ്ററ് അകലെ. അവിടെ നിന്ന് ജീപ്പില്‍ ഏതാണ്ട് മൂന്നുമണിക്കൂറ് കാട്ടിലൂടെ യാത്രചെയ്താല്‌` “രാജാമാച്ചി” എന്ന കാട്. അവിടെയായിരുന്നു ഞങളുടെ ക്യാമ്പ്. കാട്ടിലെത്തിയതും കമാണ്ടറ് ജീപ്പുകള്‍ തിരിച്ചയച്ചു. കാടിന്റെ ഒരുഭാഗ്ഗം നിരപ്പാക്കി അവിടെ കൂടാരം കെട്ടിക്കൊള്ളാന്‍ പറഞ്ഞു. പത്തും പതിനാലും മണിക്കൂറ് കമ്പ്യൂട്ടറിന്റെ മുന്‍പില്‍ കുത്തിയിരുന്ന് തടി കേടാക്കുന്നവറ്ക്ക് ഇതേയുള്ളൂ ശിക്ഷ ! ഒപ്പം ഒരു മുന്നറിയിപ്പും - പാമ്പുകള്‍ ഒരുപാടുണ്ട് …സൂക്ഷിക്കണം … പാമ്പിന് വെട്ടുകൊള്ളരുത്… കൂടാരമടിച്ചു. കമോഡില്‍ ഇരുന്നു ശീലിച്ച പലരും അന്വേഷിച്ചു …”വെയറ് ഈസ്സ് ദ ടോയലെറ്റ് ?” . പരന്നു കിടക്കുന്ന കാട്ടിലേക്ക് കമണ്ടറ് വിരല്‍ ചൂണ്ടി. “ ഓപ്പണ്‍ എയറ് …”. ഒരു വടി കൂടെ കരുതിക്കോളണം. പാമ്പുവന്നാല്‍ ഓടിക്കാന്‍. രാവിലെ അഞ്ചരക്ക് സൂര്യനമസ്കാരം. പിന്നെ രണ്ടു ടീമുകളായി തിരിഞ്ഞ് ട്രെക്കിങ്ങ്. ട്രെഷറ് ഹണ്ട് എന്നു പേര്‍. നിബിഡമായ കാടിനകത്ത് ദൂരെ എവിടയോഉള്ള നിധി കണ്ടുപിടിക്കണം. വഴി കാണിക്കുന്ന ഒരു മാപ്പ് തരും. വഴി തെളിക്കാനുള്ള ആയുധങ്ങള്‍, ഫസ്റ്റ് എയ്ഡ് ബോക്സ്, കയറ്, കമ്പ്, വെള്ളം എല്ലാം തൂക്കി എട്ടുപത്തു മണിക്കൂറ് നടക്കണം. പിന്നെ അവിടെയായി ക്യാമ്പ്. അസ്തി തുളക്കുന്ന തണുപ്പ് രാത്രിയില്‍ !
മറാഠായില്‍ ശിവാജിയുടെ ശക്തികേന്ദ്രമായിരുന്നു രാജാമാച്ചി. കുത്തനേയുള്ള പാറക്കെട്ടുകള്‍ക്കു നടുവില്‍ ചെറിയ നിരപ്പ്. നിബിഡമായ കാട്. ആയിരത്തി ഇരുന്നൂറ് അടി വരെ പൊക്കം വരുന്ന കറുത്ത നേറ്ക്കുത്തായ പാറക്കെട്ടുകള്‍. ഇടത്തും വലത്തുമായുള്ള പാറക്കെട്ടുകളില്‍ കറുത്തുയറ്ന്നു നില്‍ക്കുന്ന രണ്ടു കോട്ടകള്‍. മനോരഞ്ജനും ശ്രീവറ്ധനും. നഷ്ടപ്രതാപത്തിന്റെ സ്മാരകങ്ങളായി ഇടിഞ്ഞു പൊളിഞ്ഞു നില്‍ക്കുന്ന കോട്ടകള്‍. കോടും കാട്ടിലൂടെ നിധി തേടിയുള്ള യാത്ര അവസാനിച്ചതും കമാണ്ടറ് പറഞ്ഞു – നമ്മള്‍ ശ്രീവറ്ദ്ധന്‍ കോട്ടയുടെ മുകളില്‍ കയറുന്നു. കനത്ത ബാഗുകള്‍ തോളില്‍ തൂക്കി ഞങ്ങള്‍ കയറി തുടങ്ങി. ചെങ്കുത്തായ കറുത്ത പാറയില്‍ കഷ്ടിച്ച് ഒരാള്‍ക്ക് നടന്നു കയറാന്‍ പാകത്തിലുള്ള കല്പാതയുണ്ട്. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞപാതയില്‍ വളരെ സൂക്ഷിച്ചുവേണം കയറാന്‍. ഒരു കാല്‍ വഴുതിയാല്‍ വന്നു പതിക്കുന്നത് നൂറുകണക്കിന്‍ അടി താഴേക്ക്. പൊടി പോലും കിട്ടില്ല. ഏതാണ്ട് പകുതി ഉയരം കയറിയതും ഞാന്‍ താഴേക്കു നോക്കി. ഞങ്ങള്‍ ക്യാമ്പുചെയ്തിരുന്ന നിരപ്പ് ഒരു ചെറിയ പൊട്ടുപോലെ താഴേ കാണാം. ഒരടി തെറ്റിയാല്‍ എന്റെ പൊടിപോലും കിട്ടില്ല. ദൈവമേ! എന്റെ കാലു വിറച്ചു. എനിക്കൊന്നു മൂത്രമൊഴിക്കണം. തൊണ്ട വരളുന്നു. എനിക്ക് വെള്ളം കുടിക്കണം. ചലോ …ചലോ … കമാണ്ടറ് അലറി. എനിക്കുവയ്യ … ഇതിനു മുകളിലേക്ക് ഇനി ഒരടി ഞാന്‍ വെക്കില്ല. ഞാന്‍ പറഞ്ഞു. കമോണ്‍ …വാക്ക് .. കമാണ്ടറ് അലറി. വേറേ വഴിയില്ല. താഴേക്കിറങ്ങി ചെന്നാലും പോകാന്‍ ഇടമില്ല. നടന്നേ പറ്റൂ. പാറയില്‍ പൊത്തിപിടിച്ച് ഞാന്‍ മുകളിലേക്ക് കയറി. ഏതാണ്ട് പകല്‍ മുഴുവനും എടുത്തു മുകളിലെത്താന്‍. ഇടിഞ്ഞു പൊളിഞ്ഞ കോട്ടയുടെ ഏറ്റവും ഉയറ്ന്ന ഭാഗത്തായി ഞങ്ങള്‍ ഇരുന്നു.

സൂര്യന്‍ അസ്തമിക്കുന്നു. നിബിഡമായ കാട്ടിനകത്ത് , ആയിരത്തോളം അടി മുകളില്‍ ഇരുന്ന് ഞങ്ങള്‍ സൂര്യാസ്തമനം കണ്ടു. പകല്‍ രാത്രിയാവുന്നതും, സൂര്യന്‍ മറഞ്ഞ് ചന്ദ്രനും നക്ഷത്രങ്ങളും ആകാശത്ത് നിറയുന്നതും കണ്ടു. സമയബോധമില്ലാതെ, ജീവിതത്തിന്റെ യാതൊരു തിരക്കുകളും ശബ്ദകോലാഹലങ്ങളുമില്ലാതെ പ്രശാന്ത സുന്ദരമായ ആ സന്ധ്യ. ശാന്തമായ രാത്രി. ഇത്രയും മനോസുഖം അനുഭവിച്ച നിമിഷങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ചന്ദ്രന്‍ ഉയറ്ന്നതും കമാണ്ടറ് ഒരു ചെറിയ സീ.ഡീ.പ്ലെയറ് എടുത്തു. ശ്രീ ശ്രീ രവിശങ്കറിന്റെ Moon Meditation കാനനത്തിന്റെ നിശബ്ദതയില്‍ ഒരു സംഗീതം പോലെ ഒഴുകി. കണ്ണുകള്‍ അടച്ച് ഏറെ നേരം ഞങ്ങള്‍ ഇരുന്നു. എത്ര സുന്ദരമായ രാത്രി! പിറ്റേന്ന് പാറയിലൂടെ ഒരു കയറ് വഴി ഞങ്ങള്‍ക്ക് ഇറങ്ങണമായിരുന്നു. കോട്ടമതിലിനടുത്ത് ഒരു മരത്തില്‍ കയറ് കെട്ടി. അരയില്‍ ഒരു സേഫ്റ്റി ബെല്‍റ്റും. കയറില്‍ പിടിച്ച് തൂങ്ങി കോട്ടമതില്‍ വഴി താഴേക്ക് ഇറങ്ങിക്കൊള്ളാന്‍ പറഞ്ഞു. അമ്യൂസ്സ്മെന്റ് പാറ്ക്കിലെ ജൈന്റ് വീലില്‍ പോലും പേടിച്ചിട്ട് ഞാന്‍ കയറില്ല. എനിക്ക് പേടിച്ച് വിറച്ചു. – എന്നെ കൊന്നാലും ഞാന്‍ ഇതു ചെയ്യില്ല – ഞാന്‍ കരഞ്ഞു. കമാണ്ടറുണ്ടോ വിടുന്നൂ. എന്റെ അരയിലെ കൊളുത്ത് കയറില്‍ കടത്തി. കോട്ട മതിലിനു മുകളില്‍ കയറ്റി നിറുത്തി. ഇറങ്ങിക്കോ ഇല്ലെങ്കില്‍ തള്ളിയിടും എന്നു ഭീഷണി. ശിവാജി ഈ കോട്ടയുടെ മുകളിലേക്ക് ഒരു കയറില്‍ തൂങ്ങി കയറിയിട്ടുണ്ടത്രേ. കയറ് ദേഹത്ത് കെട്ടിയിട്ട് ഒരു ഉടുമ്പിനെ അദ്ദേഹം മുകളിലേക്ക് കടത്തി വിടും. ഉടുമ്പ് പാറയില്‍ അള്ളിപ്പിടിച്ചിരിക്കും. കയറില്‍ തൂങ്ങി ശിവാജി മുകളിലേക്ക് കയറും – രാജാക്കന്മാരുടെ ഓരോരോ വിനോദങ്ങളേ … കമാണ്ടറുടെ ഭീഷണിക്കു വഴങ്ങി ഞാന്‍ കോട്ട മതിലിനുമുകളില്‍ നിന്നും താഴേക്ക് തൂങ്ങിയിറങ്ങി . പാറക്കെട്ടുകളില്‍ കാലുകള്‍ ഉറപ്പിച്ച് കയറില്‍ ഭാരം തൂക്കി പതുക്കെ ഇറങ്ങി താഴേയെത്തി. ഇടക്കൊന്നു താഴേക്കു നോക്കിയപ്പോള്‍ കയറിന്റെ താഴേഅറ്റത്ത് പൊട്ടു പോലെ ഒരാള്‍ നില്‍ക്കുന്നതു കണ്ടു. കൈ വിട്ടാല്‍ … ഞാന്‍ കിലു കിലാ വിറച്ചു. വീണ്ടും കാട്ടിനുള്ളില്‍ ക്യാമ്പ്. കാട്ടിനകത്തെ ചെറിയ തടാകത്തില്‍ നീന്തി കുളിച്ചു. തണുത്തു നിറ്മലമായ ജലം. എന്താ സുഖം! രാത്രി ക്യാമ്പ് ഫയറ്. കമ്പുകള്‍ കൂട്ടിയിട്ട് തീകത്തിച്ച് അതിനുചുറ്റും ഇരുന്നു. പാട്ടു പാടിയും കഥകള്‍ പറഞ്ഞും ഒടുക്കം രാജാമാച്ചിയോട് യാത്ര പറഞ്ഞ്പ്പോള്‍ പലരും ചോദിക്കുന്നുണ്ടായിരുന്നൂ – ഇന്നെന്താ തീയതി ? ഏതാ ദിവസം ? സമയബോധമില്ലാതെ … പകല്‍ രാത്രി ഭേതമില്ലാതെ… ഡെഡ് ലൈനുകളും ടാറ്ജറ്റുകളും ഇല്ലാതെ… ടീ.വി യും സെല്‍ ഫോണുമില്ലാതെ … ആധുനീക ജീവിതത്തിന്റെ ഒരു അലട്ടലുമില്ലാതെ പ്രക്രുതിയോടലിഞ്ഞ് … വെറും മനുഷ്യനായി … അതെല്ലേ സുഖം! അതല്ലേ ജീവിതം! നാം നഗരമെന്നു വിളിക്കുന്നതല്ലേ ശരിക്കും കാനനം ? കോണ്‍ക്രീറ്റു വനങ്ങളില്‍ അകപ്പെട്ടുപോയ പാവം മനുഷ്യറ് നമ്മള്‍ !

Thursday, January 17, 2008

പാറ്റണ്‍ ടാങ്ക് ഓടിച്ച ഞാന്‍

ലോക മഹായുദ്ധം ! ഉത്തരേന്ത്യയിലെ ഒരു അതിറ്ത്തി പ്രദേശം. നേരം പര പരാ വെളുത്തു വരുന്നതേയുള്ളൂ. തീ പാറുന്ന തോക്കുകള്‍ ഇരുവശവും. ഇടക്ക് ത്രിശ്ശൂറ് പൂരത്തിന്ന് അമിട്ടു പൊട്ടുന്നതുപോലെ പൊങ്ങിവന്നു വീഴുന്ന മിസൈലുകള്‍. വെടിയുണ്ടകള്‍ കല്ലുമഴ പെയ്യുന്ന മൈതാനത്തിലൂടെ ഞാന്‍ സാഹസീകമായി ഇഴഞ്ഞു നീങ്ങി.




അതാ ഒരു പാ‍റ്റണ്‍ ടാങ്ക് ! കുഴിയില്‍ വീണ ആന വട്ടം തിരിയുന്നതുപോലെ അത് മൈതാനത്തില്‍ നിന്നതാ വട്ടം തിരിയുന്നു. പീരങ്കി കുഴല്‍ മേല്പോട്ടും കീഴ്പോട്ടും ആക്കി പടേ …ടമാറ് … എന്ന് അഞ്ചെട്ടു കുറ്റന്‍ വെടിയുതിറ്ത്തു. മല മടക്കുകളിലും ചെറിയ ട്രെഞ്ചു കളിലും കുത്തിയിരുന്ന് ചെറിയവെടി വിട്ടുകൊണ്ടിരുന്ന പട്ടാളക്കാരെല്ലാം ഭസ്മം !


“തള്ളേ എവന്‍ കൊള്ളാമല്ലോ …” നാലുപാടുനിന്നും ചീ‍റിപ്പാഞ്ഞു വരുന്ന വെടിഉണ്ടകള്‍ തട്ടിമാറ്റിക്കിടന്ന് ഞാന്‍ ആലോചിച്ചു. ചിക്കുപായ മടക്കിയ മാതിരി വിരിച്ച ബെല്‍റ്റില്‍ വീലുകള്‍ കറക്കി പാറ്റണ്‍ ടാങ്ക് അങ്ങിനെ നീങ്ങുന്നു. എവനൊരെണ്ണം ഉണ്ടെങ്കില്‍ നമുക്ക് യുദ്ധം ജയിക്കാം.

ഞാന്‍ ആലോചന നിറുത്തി. ഓന്ത് ഇഴയുന്നതുപോലെ നിലത്തു പതിഞ്ഞ് ഞാന്‍ ഇഴഞ്ഞു നീങ്ങി. ഒന്നു രണ്ടു വെടിയുണ്ടകള്‍ ചന്തിയില്‍ തൊട്ടു … തൊട്ടില്ല എന്ന മട്ടില്‍ കടന്നു പോയി. ഭാഗ്യത്തിന്ന് കേടുപാടൊന്നും സംഭവിച്ചില്ല. ഇഴഞ്ഞിഴഞ്ഞ് ഞാന്‍ പാറ്റണ്‍ ടാങ്കിന്റ്റെ അടിയിലെത്തി. അതിന്റെ ചക്രത്തിന്റെ അടിയിലെങ്ങാനും പെട്ടാല്‍ പാണ്ടിലോറി കയറിയ തവളയെപ്പോലെ ഞാന്‍ ഒരു രേഖാ ചിത്രമായിപോകും. ശ്വാസം അടക്കി കിടന്നു.

പാറ്റണ്‍ ടാങ്ക് അതാ നിന്നു. അതിന്റെ മൂടി തുറന്ന് അതോടിച്ചിരുന്ന യമകിങ്കരന്‍ അതാ പുറത്തേക്കുവരുന്നു. ആറ് ആറരയടി പൊക്കം. ഒത്ത തടി. ഇവന്‍ താനെടാ ശിങ്കം ! യമകിങ്കരന്‍ പാറ്റണ്‍ ടാങ്കിന്റെ പടിയില്‍ കാലുവെച്ചു നിന്നു. ഉപകരണം പുറത്തെടുത്തു. മണ്ണില്‍ അമറ്ന്നു കിടന്നിരുന്ന എന്റെ മൂക്കിന്ന് തൊട്ടു മുന്‍പിലായി മലവെള്ളം പോലെ മൂത്രം ! മണ്ണില്‍ നിന്നും ആവി പറന്നു.

ഇതു തന്നെ അവസരം. ഞാന്‍ ടങ്കിന്റെ അടിയില്‍ നിന്നും പതുക്കെ ഉയറ്ന്നു. യമകിങ്കരന്റെ പുറകിലായി ആഞ്ഞൊരു ചവിട്ട്. അവന്‍ മുഖമടിച്ചു വിണതും ടാങ്കിന്റെ മൂടി തുറന്ന് ഞാന്‍ അകത്തേക്കു ചാടി.
“അയ്യോ … എന്റമ്മേ …” ഞാന്‍ അലറി വിളിച്ചു. ടാങ്കിന്റെ അടിയില്‍ ഒന്നുമില്ല. ഞാന്‍ നെഞ്ചുംതല്ലി താഴെ വീണു.

“അയ്യോ അമ്മേ …” അതാരാ കരയുന്നത് ! എന്റെ ഭാര്യയുടെ ശബ്ദം പോലെ… അതെ അവളല്ലേ ആ വീണു കിടക്കുന്നത് ! എന്തൊരത്ഭുതം ! നടുവിന്ന് കൈകൊടുത്ത് അവള്‍ മെല്ലെ എഴുന്നേറ്റു.

“നിങ്ങള്‍ക്കെന്താ വട്ടു പിടിച്ചോ ? … എന്തൊരു ചവിട്ടാ ചവുട്ടിയത്? … അയ്യോ …അമ്മേ …” അവള്‍ കരഞ്ഞു.
നെഞ്ചും തല്ലി വീണുകിറ്റന്ന ഞാന്‍ തപ്പി പിടഞ്ഞ് എഴുന്നേറ്റു.മൂത്രത്തില്‍ കുളിച്ച് കൊച്ചതാ കിടന്നു കരയുന്നു.

ഒരു പാറ്റണ്‍ ടാങ്ക് ഓടിക്കാനുള്ള അവസരം ഇതാ വീണ്ടും നഷ്ടമായിരിക്കുന്നു. നെഞ്ചും തിരുമ്മി മേലേക്കു നോക്കികിടന്ന് ഞാന് നേരം വെളുപ്പിച്ചു.

അഞ്ചു മണിയുടെ അലാറം അടിച്ചതും ഞാന്‍ ചാടി എഴുന്നേറ്റു. നടക്കാന്‍ പോകണം. നാല്പതു വയസ്സു കഴിഞ്ഞതും ഒരു ഉത്തമ പുരുഷരത്നമാകന്‍ ഞാന്‍ ശപഥം ചെയ്തു. രാവിലത്തെ നടത്തം അതിന്റെ ഒരു ഭാഗമാണ്ണ്.

നല്ല തണുപ്പുള്ള പ്രഭാതം. ഡിസംബറ് ജനുവരി മാസങള്‍ സെക്കന്ത്രാബാദില്‍ നല്ല തണുപ്പുള്ള സമയമാണ്. ട്രാക്ക്സ്യൂട്ടിന്റെ കോളറ് ചെവിക്കുമീതെ പൊക്കി വെച്ച് ഞാന്‍ ആഞ്ഞു നടന്നു.വീടിനു മുന്നിലെ റോഡില്‍ നിന്നും വലത്തോട്ടു തിരിഞ്ഞാല്‍ A.O.C gate ആണ്ണ്. സെക്കന്ത്രാബാദിലെ ഒരു വലീയ Army Station ആണ്ണ് A.O.C Centre. അതിനകത്തെ റോഡിലും പാറ്ക്കിലുമായാണ്ണ് എന്നേപ്പോലുള്ള മോറ്ണിംഗ് വാക്കികളുടെ സഞ്ചാരം.

പരിചയക്കാര്‍ പലരും കണ്ടു, ചിരിച്ചു. ചിലര്‍ നടത്തത്തിനിടക്ക് കൈ ഉയറ്ത്തി വീശി… ആഞ്ഞു നടന്നു. രാവിലെ കാര്യസാധ്യത്തിനായി വെപ്രാളം പിടിച്ചോടുന്ന പട്ടികളുമായിട്ടാണ്ണ് പലരും നടക്കുന്നത്. ഡോബറ്മാനും, ഡാല്‍മേഷനും, ജെറ്മന്‍ ഷെപ്പേറ്ഡും യജമാനന്മാരേയും വലിച്ചുകൊണ്ട് പുല്പരപ്പിലൂടെ വെപ്രാളപ്പെട്ട് ഓടി.


ഞാന്‍ നടന്ന് A.O.C Centre ന്റെ നാലുംകൂടിയ കവലയിലെത്തി. അതാ നില്‍ക്കുന്നു യമകിങ്കരന്‍ ! ഞാന്‍ ഓടിക്കാന്‍ സ്വപ്നം കണ്ട പാറ്റണ്‍ ടാങ്ക് ! കവലയുടെ ഒരു ഭാഗത്തായി കട്ടപ്പുറത്ത് നിറുത്തിയിരിക്കുകയാണ്‍. “ഇന്തോ പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത് കാക്കത്തൊള്ളായിരം പാക്കികളുടെ തല മൊത്തമായി തെറിപ്പിച്ചവന്‍ “ എന്ന് നല്ല തിളങ്ങുന്ന അക്ഷരത്തില്‍ എഴുതി വെച്ചിരിക്കുന്നു.



ഇവനെന്റെ ഒരു വീക്ക്നെസ്സാണ്ണ് ! കഴിഞ്ഞ കുറേ നാളുകളായി ഞാന്‍ ഇവനെ നോട്ടമിട്ടു വെച്ചിരിക്കുന്നു. ഇവനെ ഒന്നോടിക്കണം. കട്ടപ്പുറത്താണെങ്കിലും അകത്തൊന്നു കയറിയിരുന്ന് അതിന്റെ ചക്രത്തേലൊക്കെയൊന്ന് പിടിച്ചു തിരിക്കണം !

കവലക്ക് വറ്ണ്ണത്തൊപ്പി വെച്ച ഒരു പാറാവുകാരന്‍ സ്തിരം കാണും. ഇന്ന് അവനെ കാണാനില്ല, ഞാന്‍ ചുറ്റുപാടും നോക്കി. തലക്കു മുകളില്‍ വലിയ തോക്കും പൊക്കി പിടിച്ച് ഒരു സംഘം പട്ടാളക്കുഞ്ഞുങ്ങള്‍ വരി വരിയായി ഓടിപ്പോയി. പാവങള്‍. കൊച്ചുവെളുപ്പാങ്കാലത്ത് പത്തു പതിനഞ്ചു കിലോ തൂക്കം വരുന്ന തോക്കും പൊക്കി പിടിച്ച് ഓടണമല്ലോ. ഞാന്‍ അവരെ നോക്കി വെറുതേ സഹതപിച്ചു.

പട്ടാളകുഞ്ഞുങ്ങള്‍ പോയികഴിഞ്ഞു. വാലറ്റത്ത് ഓടാന്‍ മടികാണിച്ച രണ്ടുമൂന്ന് മടിയന്മാരെ ട്രെയിനറ് അടിച്ചോടിച്ചു. അവരും പോയിക്കഴിഞ്ഞു.


ഞാന്‍ ചുറ്റുപാടും നോക്കി. ആരുമില്ല. നേറ്ത്ത മൂടല്‍മഞ്ഞ് ഇപ്പോഴും മരങ്ങളില്‍ തങ്ങി നില്പുണ്ട്. ദൂരെനിന്ന് ആറ്ക്കും ഒന്നും കാണാന്‍ കഴിയില്ല. ഞാന്‍ പതുക്കെ പാറ്റണ്‍ ടാങ്കിന്‍ ആടുത്തേക്ക് നടന്നു.
ആവന്റെ പച്ചനിറമുള്ള ശരീരത്തില്‍ തൊട്ടതും എന്റെ കൈ വിറച്ചു. യുദ്ധം ! അലറി പാഞ്ഞു വരുന്ന വെടിയുണ്ടകള്‍ ! ശത്രു പക്ഷത്തെ തരിപ്പണമാക്കാന്‍ ഞാനിതാ കുതിക്കുന്നു.


ടാങ്കിന്റെ മൂടി തുറന്ന് ഞാന്‍ അകത്തേക്ക് ചാടി.

“അയ്യോ … മേരാ …ബാപ്പ്…”

ഞാന്‍ ചവുട്ടിയതും ആരോ തട്ടിപ്പിറ്റഞ്ഞെഴുന്നേറ്റ് അലറി കരഞ്ഞു. വറ്ണ്ണത്തൊപ്പി വെച്ച പാറാവുകാരന്‍ ! അവന്‍ ടാങ്കിനകത്ത് ചുരുണ്ടിരുന്ന് ഉറങ്ങുകയായിരുന്നു. അവന്റെ മുതുകത്തേക്കാണ്ണ് ഞാന്‍ ചാടി വീണത്.

“ചോറ് … ചോറ് …” അവന്‍ അലറി വിളിച്ചു. അഞ്ചാറു പട്ടാളക്കാറ് വേറേയും ഓടിവന്നു.

കറ്ത്താവിനെ കുരിശിലേറ്റാന്‍ കൊണ്ടുപോകുന്നതു പോലെ നാലുപേര്‍ എന്റെ കൈയിലും കാലിലും പിടിച്ച് പൊക്കി. അടിവിഴുമെന്ന് ഉറപ്പായി. ഞാന്‍ കരഞ്ഞു.

കൂട്ടത്തില്‍ നേതാവായ പട്ടാളക്കാരന്‍ എന്നെ ഹിന്ദിയില്‍ ചോദ്യം ചെയ്തു. ഞാന്‍ ചാരനല്ല …മേം ..ചാര നഹീ …നഹീ … ഞാന്‍ ജഗതിയേപ്പോലെ പറഞൊപ്പിച്ചു. എന്നെ കോറ്ട്ടുമാറ്ഷല്‍ ചെയ്യുമെന്നും പട്ടാളക്കുഞ്ഞുങള്‍ക്ക് വെടീവെച്ചുകളിക്കാന്‍ കൊടുക്കുമെന്നും ഭീഷണി പ്പെടുത്തി. ഒടുക്കം വിധി വന്നു.

ഏതാണ്ട് എന്റെ വലിപ്പം വരുന്ന വലിയ തോക്ക്. അത് തലക്കു മുകളില്‍ പൊക്കിപിടിച്ച് റോഡിന്റെ അങ്ങേഅറ്റത്തെ ഗെറ്റ് വരെ ഓടണം. തിരിച്ചിങ്ങോട്ടും. അങ്ങിനെ പത്തുപ്രാവശ്യം !

ടാങ്കിനകത്ത് ചുരുണ്ടുകൂടി ഉറങ്ങിയിരുന്ന പാറാവുകാരനെ അതിന്റെ മേല്‍നോട്ടക്കാരനാക്കി. അവനെണ്ണും. എല്ലാവെരേക്കാളും അവനായിരുന്നൂ വാശി. ദ്രോഹി.

“ഭാഗ്ഗ്…ഭാഗ്ഗ്..” പുറകില്‍ നിന്ന് പാറാവുകാരന്‍ വിളിച്ചു പറഞ്ഞു.

ഇതിലൊരു ഉണ്ടയുണ്ടായിരുന്നെങ്കില്‍ ഞാനിവനെ ശരിയാക്കിയെനെ. ഉണ്ടയില്ലാത്ത തോക്കും പൊക്കി ഞാന്‍ ഓടി.

ഇടിവെട്ടിയവനെ പാമ്പുകടിച്ച്പോലെ അതാ എതിരേ വരുന്നൂ എന്റെ കുടെ ജോലി ചെയ്യുന്ന ജോസഫ് ! പഞ്ചസാര കുറക്കാന്‍ ഇവനും ഇപ്പം നടത്തം പതിവാക്കിയിരിക്കുന്നു. ജോസഫിനെ കണ്ടഭാവമില്ലാതെ ഞാന്‍ ഗൌരവത്തില്‍ ഓടി.

ജോസഫുണ്ടോ വിടുന്നു ! എന്നെ കണ്ടതും സംശയിച്ചുനിന്നു. പിന്നെ ഓടി എന്റെ ഒപ്പമെത്തി. ഞാന്‍ ഓട്ടം നിറ്ത്തിയില്ല.

“സാറേ … എന്താ ഇത് ?...”
ഞാനൊന്നും മിണ്ടിയില്ല.

“സാറു പട്ടാളത്തില്‍ ചേറ്ന്നോ …?”

“എല്ലാം പെട്ടന്നായിരുന്നൂ ജോസഫേ …. പത്രം വായിച്ചില്ലേ …? ലോകമഹായുദ്ധം തുടങ്ങി. ഇതിലെ പോകുന്നവരെയെല്ലാം പിടിച്ച് പട്ടാളത്തില്‍ ചേറ്ക്കുവാ …”
ഞാന്‍ ഓടി. ജോസഫ് അവിടെ നിന്നു.

രണ്ടു മിനിട്ടു കഴിഞ്ഞു കാണും. എന്നെ മറികടന്ന് ജോസഫ് അതാ വാണം വിട്ട പോലെ പായുന്നു. A.O.C ഗേറ്റും കടന്ന് പുറത്തേക്ക്.


---------------------------------------------------------------------------