Thursday, January 17, 2008

പാറ്റണ്‍ ടാങ്ക് ഓടിച്ച ഞാന്‍

ലോക മഹായുദ്ധം ! ഉത്തരേന്ത്യയിലെ ഒരു അതിറ്ത്തി പ്രദേശം. നേരം പര പരാ വെളുത്തു വരുന്നതേയുള്ളൂ. തീ പാറുന്ന തോക്കുകള്‍ ഇരുവശവും. ഇടക്ക് ത്രിശ്ശൂറ് പൂരത്തിന്ന് അമിട്ടു പൊട്ടുന്നതുപോലെ പൊങ്ങിവന്നു വീഴുന്ന മിസൈലുകള്‍. വെടിയുണ്ടകള്‍ കല്ലുമഴ പെയ്യുന്ന മൈതാനത്തിലൂടെ ഞാന്‍ സാഹസീകമായി ഇഴഞ്ഞു നീങ്ങി.
അതാ ഒരു പാ‍റ്റണ്‍ ടാങ്ക് ! കുഴിയില്‍ വീണ ആന വട്ടം തിരിയുന്നതുപോലെ അത് മൈതാനത്തില്‍ നിന്നതാ വട്ടം തിരിയുന്നു. പീരങ്കി കുഴല്‍ മേല്പോട്ടും കീഴ്പോട്ടും ആക്കി പടേ …ടമാറ് … എന്ന് അഞ്ചെട്ടു കുറ്റന്‍ വെടിയുതിറ്ത്തു. മല മടക്കുകളിലും ചെറിയ ട്രെഞ്ചു കളിലും കുത്തിയിരുന്ന് ചെറിയവെടി വിട്ടുകൊണ്ടിരുന്ന പട്ടാളക്കാരെല്ലാം ഭസ്മം !


“തള്ളേ എവന്‍ കൊള്ളാമല്ലോ …” നാലുപാടുനിന്നും ചീ‍റിപ്പാഞ്ഞു വരുന്ന വെടിഉണ്ടകള്‍ തട്ടിമാറ്റിക്കിടന്ന് ഞാന്‍ ആലോചിച്ചു. ചിക്കുപായ മടക്കിയ മാതിരി വിരിച്ച ബെല്‍റ്റില്‍ വീലുകള്‍ കറക്കി പാറ്റണ്‍ ടാങ്ക് അങ്ങിനെ നീങ്ങുന്നു. എവനൊരെണ്ണം ഉണ്ടെങ്കില്‍ നമുക്ക് യുദ്ധം ജയിക്കാം.

ഞാന്‍ ആലോചന നിറുത്തി. ഓന്ത് ഇഴയുന്നതുപോലെ നിലത്തു പതിഞ്ഞ് ഞാന്‍ ഇഴഞ്ഞു നീങ്ങി. ഒന്നു രണ്ടു വെടിയുണ്ടകള്‍ ചന്തിയില്‍ തൊട്ടു … തൊട്ടില്ല എന്ന മട്ടില്‍ കടന്നു പോയി. ഭാഗ്യത്തിന്ന് കേടുപാടൊന്നും സംഭവിച്ചില്ല. ഇഴഞ്ഞിഴഞ്ഞ് ഞാന്‍ പാറ്റണ്‍ ടാങ്കിന്റ്റെ അടിയിലെത്തി. അതിന്റെ ചക്രത്തിന്റെ അടിയിലെങ്ങാനും പെട്ടാല്‍ പാണ്ടിലോറി കയറിയ തവളയെപ്പോലെ ഞാന്‍ ഒരു രേഖാ ചിത്രമായിപോകും. ശ്വാസം അടക്കി കിടന്നു.

പാറ്റണ്‍ ടാങ്ക് അതാ നിന്നു. അതിന്റെ മൂടി തുറന്ന് അതോടിച്ചിരുന്ന യമകിങ്കരന്‍ അതാ പുറത്തേക്കുവരുന്നു. ആറ് ആറരയടി പൊക്കം. ഒത്ത തടി. ഇവന്‍ താനെടാ ശിങ്കം ! യമകിങ്കരന്‍ പാറ്റണ്‍ ടാങ്കിന്റെ പടിയില്‍ കാലുവെച്ചു നിന്നു. ഉപകരണം പുറത്തെടുത്തു. മണ്ണില്‍ അമറ്ന്നു കിടന്നിരുന്ന എന്റെ മൂക്കിന്ന് തൊട്ടു മുന്‍പിലായി മലവെള്ളം പോലെ മൂത്രം ! മണ്ണില്‍ നിന്നും ആവി പറന്നു.

ഇതു തന്നെ അവസരം. ഞാന്‍ ടങ്കിന്റെ അടിയില്‍ നിന്നും പതുക്കെ ഉയറ്ന്നു. യമകിങ്കരന്റെ പുറകിലായി ആഞ്ഞൊരു ചവിട്ട്. അവന്‍ മുഖമടിച്ചു വിണതും ടാങ്കിന്റെ മൂടി തുറന്ന് ഞാന്‍ അകത്തേക്കു ചാടി.
“അയ്യോ … എന്റമ്മേ …” ഞാന്‍ അലറി വിളിച്ചു. ടാങ്കിന്റെ അടിയില്‍ ഒന്നുമില്ല. ഞാന്‍ നെഞ്ചുംതല്ലി താഴെ വീണു.

“അയ്യോ അമ്മേ …” അതാരാ കരയുന്നത് ! എന്റെ ഭാര്യയുടെ ശബ്ദം പോലെ… അതെ അവളല്ലേ ആ വീണു കിടക്കുന്നത് ! എന്തൊരത്ഭുതം ! നടുവിന്ന് കൈകൊടുത്ത് അവള്‍ മെല്ലെ എഴുന്നേറ്റു.

“നിങ്ങള്‍ക്കെന്താ വട്ടു പിടിച്ചോ ? … എന്തൊരു ചവിട്ടാ ചവുട്ടിയത്? … അയ്യോ …അമ്മേ …” അവള്‍ കരഞ്ഞു.
നെഞ്ചും തല്ലി വീണുകിറ്റന്ന ഞാന്‍ തപ്പി പിടഞ്ഞ് എഴുന്നേറ്റു.മൂത്രത്തില്‍ കുളിച്ച് കൊച്ചതാ കിടന്നു കരയുന്നു.

ഒരു പാറ്റണ്‍ ടാങ്ക് ഓടിക്കാനുള്ള അവസരം ഇതാ വീണ്ടും നഷ്ടമായിരിക്കുന്നു. നെഞ്ചും തിരുമ്മി മേലേക്കു നോക്കികിടന്ന് ഞാന് നേരം വെളുപ്പിച്ചു.

അഞ്ചു മണിയുടെ അലാറം അടിച്ചതും ഞാന്‍ ചാടി എഴുന്നേറ്റു. നടക്കാന്‍ പോകണം. നാല്പതു വയസ്സു കഴിഞ്ഞതും ഒരു ഉത്തമ പുരുഷരത്നമാകന്‍ ഞാന്‍ ശപഥം ചെയ്തു. രാവിലത്തെ നടത്തം അതിന്റെ ഒരു ഭാഗമാണ്ണ്.

നല്ല തണുപ്പുള്ള പ്രഭാതം. ഡിസംബറ് ജനുവരി മാസങള്‍ സെക്കന്ത്രാബാദില്‍ നല്ല തണുപ്പുള്ള സമയമാണ്. ട്രാക്ക്സ്യൂട്ടിന്റെ കോളറ് ചെവിക്കുമീതെ പൊക്കി വെച്ച് ഞാന്‍ ആഞ്ഞു നടന്നു.വീടിനു മുന്നിലെ റോഡില്‍ നിന്നും വലത്തോട്ടു തിരിഞ്ഞാല്‍ A.O.C gate ആണ്ണ്. സെക്കന്ത്രാബാദിലെ ഒരു വലീയ Army Station ആണ്ണ് A.O.C Centre. അതിനകത്തെ റോഡിലും പാറ്ക്കിലുമായാണ്ണ് എന്നേപ്പോലുള്ള മോറ്ണിംഗ് വാക്കികളുടെ സഞ്ചാരം.

പരിചയക്കാര്‍ പലരും കണ്ടു, ചിരിച്ചു. ചിലര്‍ നടത്തത്തിനിടക്ക് കൈ ഉയറ്ത്തി വീശി… ആഞ്ഞു നടന്നു. രാവിലെ കാര്യസാധ്യത്തിനായി വെപ്രാളം പിടിച്ചോടുന്ന പട്ടികളുമായിട്ടാണ്ണ് പലരും നടക്കുന്നത്. ഡോബറ്മാനും, ഡാല്‍മേഷനും, ജെറ്മന്‍ ഷെപ്പേറ്ഡും യജമാനന്മാരേയും വലിച്ചുകൊണ്ട് പുല്പരപ്പിലൂടെ വെപ്രാളപ്പെട്ട് ഓടി.


ഞാന്‍ നടന്ന് A.O.C Centre ന്റെ നാലുംകൂടിയ കവലയിലെത്തി. അതാ നില്‍ക്കുന്നു യമകിങ്കരന്‍ ! ഞാന്‍ ഓടിക്കാന്‍ സ്വപ്നം കണ്ട പാറ്റണ്‍ ടാങ്ക് ! കവലയുടെ ഒരു ഭാഗത്തായി കട്ടപ്പുറത്ത് നിറുത്തിയിരിക്കുകയാണ്‍. “ഇന്തോ പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത് കാക്കത്തൊള്ളായിരം പാക്കികളുടെ തല മൊത്തമായി തെറിപ്പിച്ചവന്‍ “ എന്ന് നല്ല തിളങ്ങുന്ന അക്ഷരത്തില്‍ എഴുതി വെച്ചിരിക്കുന്നു.ഇവനെന്റെ ഒരു വീക്ക്നെസ്സാണ്ണ് ! കഴിഞ്ഞ കുറേ നാളുകളായി ഞാന്‍ ഇവനെ നോട്ടമിട്ടു വെച്ചിരിക്കുന്നു. ഇവനെ ഒന്നോടിക്കണം. കട്ടപ്പുറത്താണെങ്കിലും അകത്തൊന്നു കയറിയിരുന്ന് അതിന്റെ ചക്രത്തേലൊക്കെയൊന്ന് പിടിച്ചു തിരിക്കണം !

കവലക്ക് വറ്ണ്ണത്തൊപ്പി വെച്ച ഒരു പാറാവുകാരന്‍ സ്തിരം കാണും. ഇന്ന് അവനെ കാണാനില്ല, ഞാന്‍ ചുറ്റുപാടും നോക്കി. തലക്കു മുകളില്‍ വലിയ തോക്കും പൊക്കി പിടിച്ച് ഒരു സംഘം പട്ടാളക്കുഞ്ഞുങ്ങള്‍ വരി വരിയായി ഓടിപ്പോയി. പാവങള്‍. കൊച്ചുവെളുപ്പാങ്കാലത്ത് പത്തു പതിനഞ്ചു കിലോ തൂക്കം വരുന്ന തോക്കും പൊക്കി പിടിച്ച് ഓടണമല്ലോ. ഞാന്‍ അവരെ നോക്കി വെറുതേ സഹതപിച്ചു.

പട്ടാളകുഞ്ഞുങ്ങള്‍ പോയികഴിഞ്ഞു. വാലറ്റത്ത് ഓടാന്‍ മടികാണിച്ച രണ്ടുമൂന്ന് മടിയന്മാരെ ട്രെയിനറ് അടിച്ചോടിച്ചു. അവരും പോയിക്കഴിഞ്ഞു.


ഞാന്‍ ചുറ്റുപാടും നോക്കി. ആരുമില്ല. നേറ്ത്ത മൂടല്‍മഞ്ഞ് ഇപ്പോഴും മരങ്ങളില്‍ തങ്ങി നില്പുണ്ട്. ദൂരെനിന്ന് ആറ്ക്കും ഒന്നും കാണാന്‍ കഴിയില്ല. ഞാന്‍ പതുക്കെ പാറ്റണ്‍ ടാങ്കിന്‍ ആടുത്തേക്ക് നടന്നു.
ആവന്റെ പച്ചനിറമുള്ള ശരീരത്തില്‍ തൊട്ടതും എന്റെ കൈ വിറച്ചു. യുദ്ധം ! അലറി പാഞ്ഞു വരുന്ന വെടിയുണ്ടകള്‍ ! ശത്രു പക്ഷത്തെ തരിപ്പണമാക്കാന്‍ ഞാനിതാ കുതിക്കുന്നു.


ടാങ്കിന്റെ മൂടി തുറന്ന് ഞാന്‍ അകത്തേക്ക് ചാടി.

“അയ്യോ … മേരാ …ബാപ്പ്…”

ഞാന്‍ ചവുട്ടിയതും ആരോ തട്ടിപ്പിറ്റഞ്ഞെഴുന്നേറ്റ് അലറി കരഞ്ഞു. വറ്ണ്ണത്തൊപ്പി വെച്ച പാറാവുകാരന്‍ ! അവന്‍ ടാങ്കിനകത്ത് ചുരുണ്ടിരുന്ന് ഉറങ്ങുകയായിരുന്നു. അവന്റെ മുതുകത്തേക്കാണ്ണ് ഞാന്‍ ചാടി വീണത്.

“ചോറ് … ചോറ് …” അവന്‍ അലറി വിളിച്ചു. അഞ്ചാറു പട്ടാളക്കാറ് വേറേയും ഓടിവന്നു.

കറ്ത്താവിനെ കുരിശിലേറ്റാന്‍ കൊണ്ടുപോകുന്നതു പോലെ നാലുപേര്‍ എന്റെ കൈയിലും കാലിലും പിടിച്ച് പൊക്കി. അടിവിഴുമെന്ന് ഉറപ്പായി. ഞാന്‍ കരഞ്ഞു.

കൂട്ടത്തില്‍ നേതാവായ പട്ടാളക്കാരന്‍ എന്നെ ഹിന്ദിയില്‍ ചോദ്യം ചെയ്തു. ഞാന്‍ ചാരനല്ല …മേം ..ചാര നഹീ …നഹീ … ഞാന്‍ ജഗതിയേപ്പോലെ പറഞൊപ്പിച്ചു. എന്നെ കോറ്ട്ടുമാറ്ഷല്‍ ചെയ്യുമെന്നും പട്ടാളക്കുഞ്ഞുങള്‍ക്ക് വെടീവെച്ചുകളിക്കാന്‍ കൊടുക്കുമെന്നും ഭീഷണി പ്പെടുത്തി. ഒടുക്കം വിധി വന്നു.

ഏതാണ്ട് എന്റെ വലിപ്പം വരുന്ന വലിയ തോക്ക്. അത് തലക്കു മുകളില്‍ പൊക്കിപിടിച്ച് റോഡിന്റെ അങ്ങേഅറ്റത്തെ ഗെറ്റ് വരെ ഓടണം. തിരിച്ചിങ്ങോട്ടും. അങ്ങിനെ പത്തുപ്രാവശ്യം !

ടാങ്കിനകത്ത് ചുരുണ്ടുകൂടി ഉറങ്ങിയിരുന്ന പാറാവുകാരനെ അതിന്റെ മേല്‍നോട്ടക്കാരനാക്കി. അവനെണ്ണും. എല്ലാവെരേക്കാളും അവനായിരുന്നൂ വാശി. ദ്രോഹി.

“ഭാഗ്ഗ്…ഭാഗ്ഗ്..” പുറകില്‍ നിന്ന് പാറാവുകാരന്‍ വിളിച്ചു പറഞ്ഞു.

ഇതിലൊരു ഉണ്ടയുണ്ടായിരുന്നെങ്കില്‍ ഞാനിവനെ ശരിയാക്കിയെനെ. ഉണ്ടയില്ലാത്ത തോക്കും പൊക്കി ഞാന്‍ ഓടി.

ഇടിവെട്ടിയവനെ പാമ്പുകടിച്ച്പോലെ അതാ എതിരേ വരുന്നൂ എന്റെ കുടെ ജോലി ചെയ്യുന്ന ജോസഫ് ! പഞ്ചസാര കുറക്കാന്‍ ഇവനും ഇപ്പം നടത്തം പതിവാക്കിയിരിക്കുന്നു. ജോസഫിനെ കണ്ടഭാവമില്ലാതെ ഞാന്‍ ഗൌരവത്തില്‍ ഓടി.

ജോസഫുണ്ടോ വിടുന്നു ! എന്നെ കണ്ടതും സംശയിച്ചുനിന്നു. പിന്നെ ഓടി എന്റെ ഒപ്പമെത്തി. ഞാന്‍ ഓട്ടം നിറ്ത്തിയില്ല.

“സാറേ … എന്താ ഇത് ?...”
ഞാനൊന്നും മിണ്ടിയില്ല.

“സാറു പട്ടാളത്തില്‍ ചേറ്ന്നോ …?”

“എല്ലാം പെട്ടന്നായിരുന്നൂ ജോസഫേ …. പത്രം വായിച്ചില്ലേ …? ലോകമഹായുദ്ധം തുടങ്ങി. ഇതിലെ പോകുന്നവരെയെല്ലാം പിടിച്ച് പട്ടാളത്തില്‍ ചേറ്ക്കുവാ …”
ഞാന്‍ ഓടി. ജോസഫ് അവിടെ നിന്നു.

രണ്ടു മിനിട്ടു കഴിഞ്ഞു കാണും. എന്നെ മറികടന്ന് ജോസഫ് അതാ വാണം വിട്ട പോലെ പായുന്നു. A.O.C ഗേറ്റും കടന്ന് പുറത്തേക്ക്.


---------------------------------------------------------------------------