Saturday, October 18, 2008

മഴയച്ഛന്‍

മഴ ഇടമുറിയാതെ പെയ്യുന്ന ഒരിടവപ്പാതി വൈകുന്നേരത്താണ്‌ അച്ഛനെ കൊണ്ടുവന്നത്‌. പഴയ അംബാസ്സിഡര്‍ കാറിണ്റ്റെ പിന്‍സീറ്റില്‍ കിടത്തിയിരുന്ന അച്ഛണ്റ്റെ കണങ്കാലുകള്‍ വെളിയിലേക്ക്‌ നീണ്ടുനിന്നു. തോരാതെ പെയ്യുന്ന മഴയിലൂടെ ഞാനോടി വന്നു. ഏതാണ്ട്‌ എണ്റ്റെ മുഖത്തിനൊപ്പം ഉയരത്തിലായിരുന്നു അച്ഛണ്റ്റെ കാലുകള്‍. പുറത്തേക്ക്‌ നീണ്ടുനിന്ന കാല്‍പാദങ്ങളില്‍ ഞാന്‍ മുഖം അമറ്‍ത്തി. അച്ഛണ്റ്റെ കാലുകള്‍ മഴ നിരന്തരം കഴുകികൊണ്ടിരുന്നു. തണുത്ത കാല്‍പാദങ്ങളിലേക്ക്‌ അമറ്‍ന്ന എണ്റ്റെ മുഖത്തുകൂടി കണ്ണുനീരിണ്റ്റെ ഉപ്പും മഴത്തുള്ളികളും ചേറ്‍ന്നൊഴുകി.
ഞാന്‍ സ്കൂള്‍ വിട്ട്‌ വന്നതേ ഉണ്ടായിരുന്നുള്ളു. നിക്കറ്‍ മാറ്റി, തിണ്ണയുടെ അതിരിലൂടെ ചാലുവെച്ചൊഴുകുന്ന മഴയില്‍ കാല്‍ തട്ടി കളിക്കാന്‍ തുടങ്ങുകയായിരുന്നു. വീടുവരെ കാറ്‌ വരില്ല. ചെറിയ പാടത്തിനും തൊടിക്കും അപ്പുറം ഇടവഴി വരെയേ എത്തു.
അച്ഛണ്റ്റെ കാല്‍പാദങ്ങളില്‍ നിന്നും മുഖം ഉയറ്‍ത്തിയ ഞാന്‍ തിരിഞ്ഞ്‌ വീട്ടിലേക്ക്‌ ഓടി. മഴ ആറ്‍ത്തു പെയ്ത്‌ എണ്റ്റെ ഒപ്പം കൂടി. മുത്തശ്ശി തിണ്ണയില്‍ വിളക്കുവെക്കാനുള്ള ഒരുക്കത്തിലായിരുന്നു. "ഹെണ്റ്റെ മോനേ ..." ഹ്റുദയം പിളരുന്ന ഒരു നിലവിളിയോടു കൂടി മുത്തശ്ശി നിലത്തു വീണു.
കനത്ത മഴ ഇരുള്‍ വീഴ്ത്തിയ ആകാശത്ത്‌ ശക്തിയായി ഇടി വെട്ടി. സ്കൂള്‍ ടീച്ചറായ അമ്മ ഇനിയും മടങ്ങിയെത്തിയിട്ടില്ല. ഞാന്‍ മഴയിലൂടെ തിരിച്ചോടി. വൈകുണ്ഠപുരം അമ്പലവും കടന്ന് റോഡിലെത്തി. ജയന്തി ബെസ്സില്‍ അമ്മയുണ്ടാവുമോ?
അനിയത്തിയേയും അടക്കിപിടിച്ച്‌ മഴയിലൂടെ അമ്മയതാ വരുന്നു. ഞാനെന്തു പറയും അമ്മയോട്‌ ? ഞാന്‍ തിരിഞ്ഞോടി. തകറ്‍ത്തു പെയ്യുന്ന മഴ എന്നെ വാരി പുണറ്‍ന്നു. മഴയുടെ കൈകള്‍ എന്നെ തലോടി. മഴ എനിക്ക്‌ കൂട്ടായി. സാന്ത്വനമായി.
അമ്മയുടെ കണ്ണുനീറ്‍ കലറ്‍ന്ന രാത്റിമഴ തൊടിയിലൂടെ ചാലുകളായി ഒഴുകി. നനഞ്ഞു കത്താന്‍ മടിക്കുന്ന ചിതയിലേക്കു നോക്കി രാത്റി കരഞ്ഞു തീറ്‍ത്ത പത്തു വയസ്സുകാരന്‍ എണ്റ്റെ മുന്‍പില്‍ ഇപ്പോഴും നില്‍ക്കുന്നു.
മഴയെന്നും എന്നോടൊപ്പം ഉണ്ടായിരുന്നു. സുഖമായാലും ദുഖമായാലും മഴ എന്നെ പിന്തുടറ്‍ന്നു. മഴ തകറ്‍ത്തു പെയ്യുന്ന രാത്റിയില്‍ മുത്തശ്ശിയുടെ അയഞ്ഞ മാറില്‍ തലപൂഴ്ത്തി കിടക്കും. മേഘപാളികള്‍ക്ക്‌ അപ്പുറത്തെ ദേവലോകത്തില്‍ ദേവേന്ദ്രന്‍ കോപിഷ്ടനായിരിക്കുന്നു. ഐരാവതം വെള്ളിടി വെട്ടി ഉറക്കെ അലറുന്നുണ്ട്‌.
പെയ്തു തോറ്‍ന്ന മഴയിലൂടെ രാവിലെ തൊടിയിലേക്ക്‌ ഓടും. ശറ്‍ക്കരമാവും മൂവാണ്ടനും തൊടിയിലെല്ലാം വിതറിയിട്ടുണ്ടാവും മാമ്പഴങ്ങള്‍. നനഞ്ഞ ചൊറിയണം കാലില്‍ തട്ടുന്നതാണ്‌ സഹിക്കാന്‍ വയ്യാത്തത്‌. ചൊറിഞ്ഞ്‌ വശം കെടും.ചുവന്ന് തടിച്ച്‌.
അമ്പലക്കുളം മെത്തിയിട്ടുണ്ടാകും. മുകളിലെ ഒന്നോ രണ്ടോ പടവുകള്‍ മാത്റമേ കാണാന്‍ കഴിയൂ. വെള്ളം നിറഞ്ഞ്‌ ഗാംഭീര്യത്തോടെ അങ്ങിനെ കിടക്കും. ചാഞ്ഞു നില്‍ക്കുന്ന പൂവരശ്ശിണ്റ്റെ മുകളില്‍ നിന്ന് വെള്ളത്തിലേക്ക്‌ ചാടും. മുങ്ങാം കുഴിയിടും. അക്കരെക്ക്‌ വാശിവെച്ച്‌ നീന്തും. വെള്ളത്തില്‍ തൊടുന്നതിനു മുന്‍പ്‌ എത്റ കരണം മറിയും എന്ന പന്തയവുമുണ്ട്‌.
സ്കൂളിലേക്കുള്ള വഴി പാടവും, ഇടവഴിയും റോഡും കലറ്‍ന്നതാണ്‌. പാടം കടക്കുന്നതോടെ കുട മടക്കി പിടിക്കും. പുസ്തകക്കെട്ട്‌ ഷറ്‍ട്ടിനകത്താക്കി നിക്കറിനുള്ളിലേക്ക്‌ തിരുകി വെയ്ക്കും. കൈകള്‍ അതോടെ സ്വതന്ത്റമായി. മടക്കി പിടിച്ച കുട സ്കൂട്ടറിണ്റ്റെ ഹാന്‍ഡിലായി. ബ്ബ്റൂം ...ബ്ബ്റൂം ...പീ...പീ...വെള്ളക്കെട്ടുകളിലൂടെ സ്കൂട്ടറ്‍ പായുകയായി.
ഉത്റാടരാത്റിയില്‍ മഴ പതിവായിരുന്നു. രാത്റിയാണ്‌ തിരുവോണത്തിണ്റ്റെ വലിയ പൂക്കളമിടുന്നത്‌. മുറ്റത്ത്‌ വലിയ വട്ടത്തില്‍ മണ്‍ തടമുണ്ടാക്കും. നടുക്ക്‌ വാഴ വെട്ടി നീണ്ട തണ്ട്‌ കുത്തിനിറുത്തും. ആമ്പല്‍ പൂവുകള്‍ അതിലാണ്‌` കുത്തി നിറുത്തുന്നത്‌. അച്ഛനാണ്‌ പൂക്കളത്തിണ്റ്റെ ഡിസൈന്‍. രാത്റി വളരെ വൈകും പൂക്കളമിട്ടു തീറ്‍ക്കാന്‍. എല്ലാം ഭംഗിയാക്കി കിടക്കാന്‍ തുടങ്ങുമ്പോഴാവും മഴയുടെ വരവ്‌. 'വിജയ്‌ ' വളങ്ങളുടെ പ്ളാസ്റ്റിക്‌ ചാക്കുണ്ട്‌. അച്ഛന്‍ അതെടുത്ത്‌ പൂക്കളം മൂടും. ചെറിയ മഴയെ ഉണ്ടാവൂ. മഴ ഞങ്ങളുടെ പൂക്കളം മായ്ച്ചിട്ടില്ല. ഒരിക്കലും.
ജോലിയുടെ ഇണ്റ്ററ്‍വ്യൂവിനായി പുറപ്പെടുമ്പോള്‍ അമ്മപറഞ്ഞു " അച്ഛനെ മനസ്സില്‍ ധ്യാനിച്ച്‌ ..." . പുറത്തേക്കിറങ്ങിയതും മഴ. ഒരനുഗ്രഹം പോലെ.
വിവാഹം ഒരു ജൂണ്‍ ആദ്യം ആയിരുന്നു. മഴ വല്ലാതെ താമസിച്ച ഒരു വറ്‍ഷം. വല്ലാത്ത ചൂട്‌. വീട്ടില്‍ നിന്നും പുറപ്പെടുമ്പോഴേക്കും കസവു കുപ്പായം വിയറ്‍പ്പില്‍ കുതിറ്‍ന്നു. അമ്പലത്തിലെത്തി, കാറില്‍ നിന്ന് പുറത്തേക്ക്‌ കാലെടുത്തുവെച്ചതും മഴ ! പെയ്യാന്‍ വീറ്‍പ്പുമുട്ടിനിന്ന മഴ ഒരുമിച്ച്‌ പെയ്തിറങ്ങിയതു പോലെ. മഴ നന്നായി നനഞ്ഞു, മഴയുടെ കൈകള്‍ അനുഗ്രഹമായി പൊതിയുന്നതറിഞ്ഞു. മുഖം അല്‍പം മുന്‍പോൊട്ടു നീട്ടി അച്ഛണ്റ്റെ തണുത്ത പാദങ്ങളില്‍ മുഖം അമറ്‍ത്തി. മഴയില്‍ വാറ്‍ന്നിറങ്ങുന്ന കണ്ണുനീറ്‍ ആരും അറിഞ്ഞിട്ടുണ്ടാവില്ല.
പ്റവാസം പ്രവാസികള്‍ക്കെല്ലാം പോലെ പ്റയാസം നിറഞ്ഞതുതന്നെ. വറുതി ചൂടില്‍ കാതോറ്‍ത്തിരിക്കും - ഒരു മഴയെങ്ങാന്‍ വരുന്നുണ്ടാവുമോ ?
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമറ്‍ദം വരുമ്പോള്‍ കാലം തെറ്റി വരുന്ന മഴ. അപ്പാറ്‍ട്ടുമെണ്റ്റിണ്റ്റെ ചെറിയ ബാല്‍ക്കണിയില്‍ നിന്ന് മഴയിലേക്ക്‌ ഞാന്‍ മുഖം നീട്ടും. പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ മുഖത്തുപതിക്കുമ്പോള്‍ ഞാന്‍ അറിയും. അച്ഛന്‍ !.