Saturday, October 18, 2008

മഴയച്ഛന്‍

മഴ ഇടമുറിയാതെ പെയ്യുന്ന ഒരിടവപ്പാതി വൈകുന്നേരത്താണ്‌ അച്ഛനെ കൊണ്ടുവന്നത്‌. പഴയ അംബാസ്സിഡര്‍ കാറിണ്റ്റെ പിന്‍സീറ്റില്‍ കിടത്തിയിരുന്ന അച്ഛണ്റ്റെ കണങ്കാലുകള്‍ വെളിയിലേക്ക്‌ നീണ്ടുനിന്നു. തോരാതെ പെയ്യുന്ന മഴയിലൂടെ ഞാനോടി വന്നു. ഏതാണ്ട്‌ എണ്റ്റെ മുഖത്തിനൊപ്പം ഉയരത്തിലായിരുന്നു അച്ഛണ്റ്റെ കാലുകള്‍. പുറത്തേക്ക്‌ നീണ്ടുനിന്ന കാല്‍പാദങ്ങളില്‍ ഞാന്‍ മുഖം അമറ്‍ത്തി. അച്ഛണ്റ്റെ കാലുകള്‍ മഴ നിരന്തരം കഴുകികൊണ്ടിരുന്നു. തണുത്ത കാല്‍പാദങ്ങളിലേക്ക്‌ അമറ്‍ന്ന എണ്റ്റെ മുഖത്തുകൂടി കണ്ണുനീരിണ്റ്റെ ഉപ്പും മഴത്തുള്ളികളും ചേറ്‍ന്നൊഴുകി.
ഞാന്‍ സ്കൂള്‍ വിട്ട്‌ വന്നതേ ഉണ്ടായിരുന്നുള്ളു. നിക്കറ്‍ മാറ്റി, തിണ്ണയുടെ അതിരിലൂടെ ചാലുവെച്ചൊഴുകുന്ന മഴയില്‍ കാല്‍ തട്ടി കളിക്കാന്‍ തുടങ്ങുകയായിരുന്നു. വീടുവരെ കാറ്‌ വരില്ല. ചെറിയ പാടത്തിനും തൊടിക്കും അപ്പുറം ഇടവഴി വരെയേ എത്തു.
അച്ഛണ്റ്റെ കാല്‍പാദങ്ങളില്‍ നിന്നും മുഖം ഉയറ്‍ത്തിയ ഞാന്‍ തിരിഞ്ഞ്‌ വീട്ടിലേക്ക്‌ ഓടി. മഴ ആറ്‍ത്തു പെയ്ത്‌ എണ്റ്റെ ഒപ്പം കൂടി. മുത്തശ്ശി തിണ്ണയില്‍ വിളക്കുവെക്കാനുള്ള ഒരുക്കത്തിലായിരുന്നു. "ഹെണ്റ്റെ മോനേ ..." ഹ്റുദയം പിളരുന്ന ഒരു നിലവിളിയോടു കൂടി മുത്തശ്ശി നിലത്തു വീണു.
കനത്ത മഴ ഇരുള്‍ വീഴ്ത്തിയ ആകാശത്ത്‌ ശക്തിയായി ഇടി വെട്ടി. സ്കൂള്‍ ടീച്ചറായ അമ്മ ഇനിയും മടങ്ങിയെത്തിയിട്ടില്ല. ഞാന്‍ മഴയിലൂടെ തിരിച്ചോടി. വൈകുണ്ഠപുരം അമ്പലവും കടന്ന് റോഡിലെത്തി. ജയന്തി ബെസ്സില്‍ അമ്മയുണ്ടാവുമോ?
അനിയത്തിയേയും അടക്കിപിടിച്ച്‌ മഴയിലൂടെ അമ്മയതാ വരുന്നു. ഞാനെന്തു പറയും അമ്മയോട്‌ ? ഞാന്‍ തിരിഞ്ഞോടി. തകറ്‍ത്തു പെയ്യുന്ന മഴ എന്നെ വാരി പുണറ്‍ന്നു. മഴയുടെ കൈകള്‍ എന്നെ തലോടി. മഴ എനിക്ക്‌ കൂട്ടായി. സാന്ത്വനമായി.
അമ്മയുടെ കണ്ണുനീറ്‍ കലറ്‍ന്ന രാത്റിമഴ തൊടിയിലൂടെ ചാലുകളായി ഒഴുകി. നനഞ്ഞു കത്താന്‍ മടിക്കുന്ന ചിതയിലേക്കു നോക്കി രാത്റി കരഞ്ഞു തീറ്‍ത്ത പത്തു വയസ്സുകാരന്‍ എണ്റ്റെ മുന്‍പില്‍ ഇപ്പോഴും നില്‍ക്കുന്നു.
മഴയെന്നും എന്നോടൊപ്പം ഉണ്ടായിരുന്നു. സുഖമായാലും ദുഖമായാലും മഴ എന്നെ പിന്തുടറ്‍ന്നു. മഴ തകറ്‍ത്തു പെയ്യുന്ന രാത്റിയില്‍ മുത്തശ്ശിയുടെ അയഞ്ഞ മാറില്‍ തലപൂഴ്ത്തി കിടക്കും. മേഘപാളികള്‍ക്ക്‌ അപ്പുറത്തെ ദേവലോകത്തില്‍ ദേവേന്ദ്രന്‍ കോപിഷ്ടനായിരിക്കുന്നു. ഐരാവതം വെള്ളിടി വെട്ടി ഉറക്കെ അലറുന്നുണ്ട്‌.
പെയ്തു തോറ്‍ന്ന മഴയിലൂടെ രാവിലെ തൊടിയിലേക്ക്‌ ഓടും. ശറ്‍ക്കരമാവും മൂവാണ്ടനും തൊടിയിലെല്ലാം വിതറിയിട്ടുണ്ടാവും മാമ്പഴങ്ങള്‍. നനഞ്ഞ ചൊറിയണം കാലില്‍ തട്ടുന്നതാണ്‌ സഹിക്കാന്‍ വയ്യാത്തത്‌. ചൊറിഞ്ഞ്‌ വശം കെടും.ചുവന്ന് തടിച്ച്‌.
അമ്പലക്കുളം മെത്തിയിട്ടുണ്ടാകും. മുകളിലെ ഒന്നോ രണ്ടോ പടവുകള്‍ മാത്റമേ കാണാന്‍ കഴിയൂ. വെള്ളം നിറഞ്ഞ്‌ ഗാംഭീര്യത്തോടെ അങ്ങിനെ കിടക്കും. ചാഞ്ഞു നില്‍ക്കുന്ന പൂവരശ്ശിണ്റ്റെ മുകളില്‍ നിന്ന് വെള്ളത്തിലേക്ക്‌ ചാടും. മുങ്ങാം കുഴിയിടും. അക്കരെക്ക്‌ വാശിവെച്ച്‌ നീന്തും. വെള്ളത്തില്‍ തൊടുന്നതിനു മുന്‍പ്‌ എത്റ കരണം മറിയും എന്ന പന്തയവുമുണ്ട്‌.
സ്കൂളിലേക്കുള്ള വഴി പാടവും, ഇടവഴിയും റോഡും കലറ്‍ന്നതാണ്‌. പാടം കടക്കുന്നതോടെ കുട മടക്കി പിടിക്കും. പുസ്തകക്കെട്ട്‌ ഷറ്‍ട്ടിനകത്താക്കി നിക്കറിനുള്ളിലേക്ക്‌ തിരുകി വെയ്ക്കും. കൈകള്‍ അതോടെ സ്വതന്ത്റമായി. മടക്കി പിടിച്ച കുട സ്കൂട്ടറിണ്റ്റെ ഹാന്‍ഡിലായി. ബ്ബ്റൂം ...ബ്ബ്റൂം ...പീ...പീ...വെള്ളക്കെട്ടുകളിലൂടെ സ്കൂട്ടറ്‍ പായുകയായി.
ഉത്റാടരാത്റിയില്‍ മഴ പതിവായിരുന്നു. രാത്റിയാണ്‌ തിരുവോണത്തിണ്റ്റെ വലിയ പൂക്കളമിടുന്നത്‌. മുറ്റത്ത്‌ വലിയ വട്ടത്തില്‍ മണ്‍ തടമുണ്ടാക്കും. നടുക്ക്‌ വാഴ വെട്ടി നീണ്ട തണ്ട്‌ കുത്തിനിറുത്തും. ആമ്പല്‍ പൂവുകള്‍ അതിലാണ്‌` കുത്തി നിറുത്തുന്നത്‌. അച്ഛനാണ്‌ പൂക്കളത്തിണ്റ്റെ ഡിസൈന്‍. രാത്റി വളരെ വൈകും പൂക്കളമിട്ടു തീറ്‍ക്കാന്‍. എല്ലാം ഭംഗിയാക്കി കിടക്കാന്‍ തുടങ്ങുമ്പോഴാവും മഴയുടെ വരവ്‌. 'വിജയ്‌ ' വളങ്ങളുടെ പ്ളാസ്റ്റിക്‌ ചാക്കുണ്ട്‌. അച്ഛന്‍ അതെടുത്ത്‌ പൂക്കളം മൂടും. ചെറിയ മഴയെ ഉണ്ടാവൂ. മഴ ഞങ്ങളുടെ പൂക്കളം മായ്ച്ചിട്ടില്ല. ഒരിക്കലും.
ജോലിയുടെ ഇണ്റ്ററ്‍വ്യൂവിനായി പുറപ്പെടുമ്പോള്‍ അമ്മപറഞ്ഞു " അച്ഛനെ മനസ്സില്‍ ധ്യാനിച്ച്‌ ..." . പുറത്തേക്കിറങ്ങിയതും മഴ. ഒരനുഗ്രഹം പോലെ.
വിവാഹം ഒരു ജൂണ്‍ ആദ്യം ആയിരുന്നു. മഴ വല്ലാതെ താമസിച്ച ഒരു വറ്‍ഷം. വല്ലാത്ത ചൂട്‌. വീട്ടില്‍ നിന്നും പുറപ്പെടുമ്പോഴേക്കും കസവു കുപ്പായം വിയറ്‍പ്പില്‍ കുതിറ്‍ന്നു. അമ്പലത്തിലെത്തി, കാറില്‍ നിന്ന് പുറത്തേക്ക്‌ കാലെടുത്തുവെച്ചതും മഴ ! പെയ്യാന്‍ വീറ്‍പ്പുമുട്ടിനിന്ന മഴ ഒരുമിച്ച്‌ പെയ്തിറങ്ങിയതു പോലെ. മഴ നന്നായി നനഞ്ഞു, മഴയുടെ കൈകള്‍ അനുഗ്രഹമായി പൊതിയുന്നതറിഞ്ഞു. മുഖം അല്‍പം മുന്‍പോൊട്ടു നീട്ടി അച്ഛണ്റ്റെ തണുത്ത പാദങ്ങളില്‍ മുഖം അമറ്‍ത്തി. മഴയില്‍ വാറ്‍ന്നിറങ്ങുന്ന കണ്ണുനീറ്‍ ആരും അറിഞ്ഞിട്ടുണ്ടാവില്ല.
പ്റവാസം പ്രവാസികള്‍ക്കെല്ലാം പോലെ പ്റയാസം നിറഞ്ഞതുതന്നെ. വറുതി ചൂടില്‍ കാതോറ്‍ത്തിരിക്കും - ഒരു മഴയെങ്ങാന്‍ വരുന്നുണ്ടാവുമോ ?
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമറ്‍ദം വരുമ്പോള്‍ കാലം തെറ്റി വരുന്ന മഴ. അപ്പാറ്‍ട്ടുമെണ്റ്റിണ്റ്റെ ചെറിയ ബാല്‍ക്കണിയില്‍ നിന്ന് മഴയിലേക്ക്‌ ഞാന്‍ മുഖം നീട്ടും. പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ മുഖത്തുപതിക്കുമ്പോള്‍ ഞാന്‍ അറിയും. അച്ഛന്‍ !.

34 comments:

കുറ്റ്യാടിക്കാരന്‍ said...

മനസിനെ തൊട്ടു സാക്ഷരാ..
അച്ഛന്റെ ഓര്‍മ്മകള്‍..

ഈ കാര്യം നിസ്സാരം എന്ന പേര് എടുത്തുകളയൂ... ഇതൊന്നും അത്ര നിസ്സാരമായി വായിക്കാന്‍ കഴിയുന്നില്ല.

balyachapaliangal said...

"മഴയാച്ചന്‍"..നല്ല ജീവനുള്ള പേരുതന്നെ...നല്ലൊരു മഴ കാണാന്‍ കൊതിയാവുന്നു അല്ലെ ചേട്ടാ?..ശെരിക്കും എനിക്കും ചെറുപത്തില്‍ മഴവെള്ളത്തില്‍ പീ പീ അടിച്ചു വണ്ടിയോടിച്ച എന്നെ ഞാന്‍ ഓര്‍ക്കുന്നു...അത് ഓര്‍മിപ്പിക്കും വിദം എഴുതിയത് അതിലേറെ മനോഹരം...എന്റെ കൂട്ടുകര്കെല്ലാം ഇഷ്ടായി...എല്ലാപേരും ജനലികൂടെ മഴ കാണുകായ....Expecting more from you...വല്ലാണ്ട് ഫീലിങ്ങ്സ് ആയിപോയി...ഇഷ്ടമായി.

Niyaz said...

നൊമ്പരം മഴയിലൂടെ വായിക്കുമ്പോള്‍, ഉണങ്ങി തുടങ്ങിയ മുറിയില്‍ നിന്ന്, രക്തം വാര്‍ത്തു കളയുന്ന പൊലുള്ള ഒരനുഭവം,... വളരെ നന്നായിട്ടുണ്ട്, ഭാവുകങ്ങള്‍

jyothirmayi said...

aarum kaaNathe mazha kollunnathum pani piTichchu mooTppothachchu kiTakkumpOL kuLi kazhinjnju varumpOL achchante thaNuththakaiyyaal nettiyiluLLa sparSanavum enne Ormmippichchathinu nandi.

nannaayiTtuntu, tto!

smitha adharsh said...

വേദന ഉണര്‍ത്തുന്ന ഈ ഓര്‍മകളിലും ഉണ്ട് ഒരു സുഖം...മഴയും,അച്ഛനും...എല്ലാം ഇഷ്ടമായി.

ശിവ said...

ഈ ഓര്‍മ്മകളും മഴയും ഒരു നാളും അവസാനിക്കാതിരിക്കട്ടെ....

lakshmy said...

മനസ്സിനെ മഴ പോലെ ആർദ്രമാക്കിയൊരു പോസ്റ്റ്. ശരിക്കും touching

വേണു venu said...

മഴയത്ത് കരയുന്നത് ആരും ശ്രദ്ധിക്കില്ല.കണ്ണുനീരും, വിണ്‍ നീരാണെന്നു കരുതും.
അച്ഛന്‍റെ ഓര്‍മ്മകള്‍ വലിയ ഒരു ഇടവപ്പാതിയായി പെയ്തല്ലോ...
നല്ല എഴുത്ത്.

നിരക്ഷരന്‍ said...

മാഷേ ഇതെന്താണിങ്ങനെയൊരു കളം മാറ്റിച്ചവിട്ടല്‍? പതിവുപോലെ നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു പോസ്റ്റ് കാണാനാണ് ഓടിവന്നത്.

വലിയൊരു ഇടവേളയ്ക്ക് ശേഷം ഈ വരവ് നൊമ്പരം പങ്കുവെക്കാനായിരുന്നല്ലേ ?

ശ്രീവല്ലഭന്‍. said...

വളരെ നല്ല ഓര്‍മ്മ കുറിപ്പ് :-(

ബുദ്ധിജീവി said...

അപൂര്‍‌വമായി മാത്രം ഞാന്‍‌ ഒരു എഴുത്തു വയിച്ച്‌ അറിയാതെ പറഞ്ഞൂ പോകുന്ന വാക്ക്‌....”സൂപ്പര്‍”....മനസ്സിനെ തട്ടിയ എഴുത്ത്‌...

കുറുമാന്‍ said...

നന്നായീരിക്കുന്നു മാഷെ ഈ പോസ്റ്റ്

നിര്‍മ്മല said...

“ഏറ്റവും വലിയ ദുഖാനുഭവങ്ങള്‍ ഉള്ള മനസ്സിലാണ് ഹാസ്യത്തിന്‍റെ പൂക്കള്‍ വിരിയുന്നത്” എന്ന് പി. വത്സല പറഞ്ഞത് എത്രയോ സത്യം!

ഉപാസന || Upasana said...

വിചാരങ്ങള്‍ വാക്കുകളില്‍ നന്നായി പ്രതിഫലിക്കുന്നുണ്ട് സാക്ഷരന്‍.

മഴയുടെ സാന്നിധ്യം എക്കാലത്തും മാനുഷിക വികാരങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് നല്‍കുന്ന ഒന്നാണ്. ഒരു പ്രണയസീനോ, വിരഹമായ രംഗമോ അല്ലെങ്കില്‍ വേറെയെന്തായാലും മഴയെന്ന മീഡിയത്തിന്റെ സാന്നിധ്യത്തില്‍ വിവരിച്ചാല്‍ വളരെ ഭംഗിയാവുന്നു. ഇവിടെ മഴയൊഴിച്ച് നിര്‍ത്തിയാഉം പോസ്റ്റ് വായനക്കാരോട് സംവദിക്കുന്നുണ്ട്.

അഭിനന്ദങ്ങള്‍.
:-)
ഉപാസന

ഓഫ് : ഇത്തരം പോസ്റ്റുകളും ശേഖരത്തിലുണ്ടെങ്കില്‍ സാക്ഷരന്റെ ബ്ലോഗിന്റെ ഹേഡര്‍ മാറ്റുന്നതോ മറ്റൊരു ബ്ലോഗ് ഉണ്ടാക്കുന്നതോ ആയിരിയ്ക്കും ഉചിതം. കാരണം “നിസാരമല്ലാത്ത ഒരു കാര്യ”ത്തെക്കുറിച്ചാണ് സാക്ഷരന്‍ ഈ പോസ്റ്റിലൂടെ വായനക്കാരോട് പറഞ്ഞിരിക്കുന്നത്. അപ്പോ ബ്ലോഗ് ഹെഡിങ്ങുമായി ഒത്ത് പോകുന്നില്ലല്ലോയെന്ന ഒരു ചിന്ത. (ബ്ലോഗ്ഗ് ഹെഡറും ബ്ലോഗ് കണ്ടന്റും തമ്മില്‍ കുറച്ചെങ്കിലും ആശയപ്പൊരുത്തം വേണമെന്ന പക്ഷക്കാരനായത് കൊണ്ടാണ് ഞാനിത് പറഞ്ഞിരിയ്ക്കുന്നത്). ഭായിയ്ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക. :-)

ഉപാസന || Upasana said...
This comment has been removed by the author.
ശ്രീ said...

വളരെ ടച്ചിങ്ങ്, മാഷേ. വേറെ ഒന്നും പറയുന്നില്ല.

മുസാഫിര്‍ said...

നല്ല തുടക്കം , അവസാനവും നന്നായി ഇടക്കുള്ള ഭാഗം കുറച്ച് പരത്തിപ്പറഞ്ഞത് പോലെ,ഒന്നു എഡിറ്റ് ചെയ്തിരുന്നെങ്കില്‍ ഇതിലും നന്നായേനെ എന്നു മനസ്സില്‍ തോന്നി.

Visala Manaskan said...

റ്റച്ചിങ്ങ്. ഇഷ്ടപ്പെട്ടു

വിനുവേട്ടന്‍|vinuvettan said...

മഴ ... മഴ എന്നും എനിയ്ക്കൊരു ഹരമാണ്‌... വൃക്ഷത്തലപ്പുകള്‍ക്കിടയിലൂടെ ആര്‍ത്തലച്ച്‌ പെയ്തിറങ്ങുന്ന മഴ ...

പക്ഷേ ... ഈ മഴ ഹൃദയത്തിന്റെ കോണുളിലെവിടെയോ നൊമ്പരമുളവാക്കി ... ഒപ്പം, മാതാപിതാക്കള്‍ കാലയവനികയ്ക്കുള്ളില്‍ മറയുന്നതോടെ തീവ്രത കുറയുന്ന രക്തബന്ധങ്ങളുടെ നൈമിഷികതയും ...

ഗൃഹാതുരത്വം ഉണര്‍ത്തിയ ഈ മഴയ്ക്ക്‌ നന്ദി ...

http://thrissurviseshangal.blogspot.com/

Merlyn said...

Memories never die and cannot be washed off by the storms of life. Your writing has touched my heart. Beautiful!!

Anonymous said...

മനസിനെ ആര്ദ്രമാക്കാനും ഗൃഹാതുരത്വം ഉണര്‍ത്താനും പോന്ന എഴുത്ത്!
മഴ ഏതൊരു മലയാളിയുടെയും ഹൃദ്യമായൊരു അനുഭൂതിയാണ്, അതിനെ ഇങ്ങനെ പുനരവിഷ്കരിക്കാന്‍ കഴിന്ജ വാക്കുകളുടെ ഉടമക്ക് ആസംസകള്‍ നേരുന്നു.
മനസ്സിലാകട്ടെ വല്ലാത്തൊരു ദുഃഖം തളം കെട്ടിനില്‍ക്കുന്നു ഈ പോസ്റ്റ് വായിച്ചു തീര്‍ന്നപ്പോള്‍!

Traveller said...

awesome post man ! comedy aayalum serious aayalum u rock! keep up the good work

Traveller said...

awesome post man ! comedy aayalum serious aayalum u rock! keep up the good work

Anonymous said...

ഗംഭീരം..!ഇത്രയെ പറയുന്നുള്ളു.കൂടുതല്‍ പറയാന്‍ എന്റെ നിഘണ്ടുവില്‍ വാക്കുകളില്ലല്ലൊ..

Anonymous said...

കിടിലിന്‍!! കരയിച്ചു കളഞ്ചഞല്ലോ മാഷേ....

Dhruvan said...

...

VINOD said...
This comment has been removed by the author.
vaikkan.blogspot.com said...

സാക്ഷരന്‍,
ഇന്നാണ് വായിക്കാന്‍ കഴിഞ്ഞത്. കണ്ണുകള്‍ ഈറനായാണ് കമന്റുന്നത്‌. ഏതു നാട്ടില്‍ ചെന്നാലും അച്ഛന്റെ സ്വാന്തനം തൊട്ടറിയാന്‍ കഴിയുന്നല്ലോ... സുകൃതം.
ഒത്തിരി സ്നേഹത്തോടെ ഒരു നാട്ടുകാരന്‍

വൈക്കന്‍... said...

സാക്ഷരന്‍,
ഒന്നു് പരിചയപ്പെടണല്ലോ..?

ഉപാസന || Upasana said...

njaan idakkyonne irangiyathaane...
enthE mounam paalippoo...
:-)
Sunil || Upasana

chithrakaran:ചിത്രകാരന്‍ said...

മഴയച്ഛന്‍ മനോഹരം.ഹൃദയ സ്പര്‍ശി.
മഴ അച്ഛന്റെ സാന്നിദ്ധ്യമാകുന്നത്
അമ്മയുടെ മഹത്വം തന്നെ.
സന്തോഷിപ്പിക്കുന്ന മനസുകള്‍ക്കു പിന്നിലെ
വേദനകളുടെ ആഴം ജീവിതത്തിന്റെ
നിധി തന്നെ.ഓര്‍മ്മകളുടെ മേഘങ്ങളായി
അത് നമ്മളില്‍ വര്‍ഷിച്ചുകൊണ്ടിരിക്കും.
വളര്‍ത്തി വലുതാക്കിക്കൊണ്ടിരിക്കും.
ആ അച്ഛനേയും അമ്മയേയും ചിത്രകാരന്‍ നമിക്കുന്നു.

സാക്ഷരന്‍ ബ്ലോഗില്‍ സജീവമാകട്ടെ എന്നാശംസിക്കുന്നു.

mohan said...

hi
fine

Anonymous said...

Y stopped writing? We look forward more from u...

മഹേഷ്‌ വിജയന്‍ said...

കഥ ശരിക്കും നൊമ്പരപ്പെടുത്തി...
ഇപ്പോള്‍ എന്താ എഴുതാറില്ലേ മാഷേ..?